ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലഫ്. ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ശ്രീനഗറിലെ ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അഞ്ച് മന്ത്രിമാരും ചുമതലയേറ്റിട്ടുണ്ട്.
സ്വതന്ത്ര എംഎൽഎ സുരീന്ദർ സിംഗ് ചൗധരിയെ പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി നിയമിച്ചു. നാഷണൽ കോൺഫറൻസ് എംഎൽഎയായ മേന്ദർ ജാവേദ് അഹമ്മദ് റാണ, റാഫിയാബാദിൽ നിന്നുള്ള ജാവിദ് അഹമ്മദ് ദാർ, ഡിഎച്ച് പോരയിൽ നിന്നുള്ള സക്കീന ഇറ്റൂ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിന് ശേഷം ജമ്മു കശ്‌മീരിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സർക്കാരാണിതെന്ന പ്രത്യേകതയുണ്ട്.
അതേസമയം സർക്കാരിന്റെ ഭാഗമാകേണ്ടതില്ലെന്ന് കോൺഗ്രസ് തീരുമാനിച്ചു. പകരം നാഷണൽ കോൺഫറൻസിനെ (എൻസി) പുറത്ത് നിന്ന് പിന്തുണയ്‌ക്കാൻ പാർട്ടി തീരുമാനിച്ചു. മന്ത്രിസ്ഥാനത്തെച്ചൊല്ലി ധാരണയാകാത്തതാണ് കോൺഗ്രസിന്റെ തീരുമാനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. 90 അംഗ നിയമസഭയിൽ നാഷണൽ കോൺഫറൻസിന് 48 സീറ്റുകളും കോൺഗ്രസിന് ആറ് സീറ്റുകളുമാണുളളത്. ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി വേണമെന്നും കേന്ദ്രസർക്കാർ അത് അനുവദിക്കാത്തതുകൊണ്ടാണ് മന്ത്രിസഭയിൽ ഭാഗമാകേണ്ടെന്ന് തീരുമാനിച്ചതെന്നുമാണ് കോൺഗ്രസിന്റെ ഔദ്യോഗിക വിശദീകരണം.
സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി ഒമർ അബ്ദുള്ളയുടെ ശ്രീനഗറിലെ വീടിന് പൊലീസ് കനത്ത സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുമെന്നും എന്നാൽ കേന്ദ്രഭരണ പ്രദേശത്തിന്റെ മുഖ്യമന്ത്രി എന്നത് വെല്ലുവിളി നിറഞ്ഞ ചുമതലയാണെന്നും ഒമർ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി പറഞ്ഞു. സർക്കാർ ജനങ്ങളുടേതാണെന്ന് അവരെ ബോധിപ്പിക്കണം. അവരുടെ ശബ്ദം സർക്കാർ കേൾക്കുമെന്ന് ബോധിപ്പിക്കണമെന്നും ഒമർ അബ്ദുളള പറഞ്ഞു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുളള, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പിഡിപി നേതാവ് മെഹബൂബ മുഫ്തി, എഎപി നേതാവ് സഞ്ജയ് സിംഗ്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയവർ ഇൻഡി സഖ്യത്തെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: