തിരുവനന്തപുരം: പുജപ്പുര സരസ്വതി മണ്ഡപത്തില്‍ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് അമ്യൂസ്മെന്റ് പാര്ക്കിന് കരാര്‍ നീട്ടി നല്‍കിയതില്‍ ദുരൂഹതയും അഴിമതിയും. ഇക്കാര്യം ഇന്നലെ ജന്മഭൂമി പുറത്ത് കൊണ്ടു വന്നിരുന്നു. ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ നേതൃത്വത്തിലാണ് കരാര്‍ നീട്ടിക്കൊടുക്കുന്നതിനുള്ള നീക്കം നടത്തിയത്.
നഗരസഭയിലെ സിപിഎം അനുഭാവമുള്ള ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അഴിമതിക്ക് കളമൊരുക്കിയത്. ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷനായ ഡെപ്യൂട്ടിമേയര്‍ പി.കെ രാജുവിന് കത്ത് നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയാണ് പതിവ്. എന്നാല്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് മുന്നില്‍ അത്തരമൊരു കത്ത് വന്നിട്ടില്ല. പകരം 15 മുതല്‍ പുതിയതായി അമ്യൂസ്മെന്റ് പാര്‍ക്കും ഫുഡ്കോര്‍ട്ടും നടത്താന്‍ അനുമതി നല്‍കണമെന്ന അപേക്ഷ ലഭിച്ചിരുന്നു. ആ അപേക്ഷ സ്റ്റാന്‍ഡിംഗ് കമ്മറ്റി തള്ളുകയും ചെയ്തിരുന്നു. എന്നിട്ടും സ്റ്റാന്‍ഡിംഗ് കമ്മറ്റിയെ പുകമറയില്‍ നിര്‍ത്തി പിന് വാതിലിലൂടെ കരാറുകാന് ഒരാഴ്ച സമയം നീട്ടി നല്‍കുകയായിരുന്നു. ഇതിനെതിരം വരുന്ന കൗണ്‍സില്‍ യോഗത്തില്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് ബിജെപി.
കരാര്‍ നീട്ടിക്കൊടുത്തതിനു പിന്നില്‍ വന്‍ അഴിമതി: അഡ്വ.വി.വി. രാജേഷ്
പൂജപ്പുരയിലെ അമ്യൂസ്മെന്റ് പാര്ക്കിന് പ്രവര്‍ത്തനാനുമതി നീട്ടിക്കൊടുത്തതില്‍ വന്‍ അഴിമതി നന്നിട്ടുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡ് കൗണ്‍സിലറുമായ അഡ്വ.വി.വി രാജേഷ് പറഞ്ഞു. ജനകീയ സമിതിയിയെ മാറ്റി നിര്‍ത്തി സ്വകാര്യ വ്യക്തിക്ക് കരാര്‍ നല്‍കുകയും ഇക്കാര്യം തുടക്കത്തില്‍ മറച്ചു വയ്ക്കുകയുംചെയ്തു. ഒരു ചര്‍ച്ചയോ മുന്നറിയിപ്പോ കൂടാതെ രഹസ്യമായി നടത്തിയ ഈ നീക്കത്തിന് പിന്നില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളത്. സരസ്വതി മണ്ഡപത്തെപ്പോലും അഴിമതിവല്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്. അടുത്ത കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയങ്ങള്‍ ബിജെപി ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അനുമതി നല്‍കിയിട്ടില്ല: അഡ്വ. വി.ജി. ഗിരികുമാര്‍
അമ്യൂസ്മെന്റ് പാര്ക്കിന് കരാര്‍ നിട്ടി നല്കാന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി തിരുമാനമെടുത്തിട്ടില്ലെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം അഡ്വ. വി.ജി ഗിരികുമാര്‍. കഴിഞ്ഞ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി യോഗത്തില്‍ പൂജപ്പുരയില്‍ 15 മുതല്‍ അമ്യൂസ്മെന്റ് പാര്‍ക്കും ഫുഡ് കോര്‍ട്ടും നടത്തുന്നതിന് അനുമതി ആവശ്യപ്പെട്ട് കത്ത് ലഭിച്ചിരുന്നു. അപേക്ഷ പരിഗണിച്ച ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അനുമതി നല്‍കേണ്ടതില്ല എന്ന് തീരുമാനമെടുത്തിരുന്നു. കരാര്‍ നീട്ടി നല്കി എന്ന വാര്‍ത്ത അറിഞ്ഞ് ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവിനെയും റവന്യൂ ഓഫീസറെയും വിളിച്ചിരുന്നു. കരാര്‍ നീട്ടി നല്‍കിയിട്ടില്ല എന്ന് അവര്‍ പറഞ്ഞതായും വി.ജി ഗിരികുമാര്‍ പറഞ്ഞു.
മേയറുടെ നടപടി നിയമവിരുദ്ധം: എം.ആര്. ഗോപന്
മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണകൂടം സിപിഎം നേതാവിന്റെ ഒത്താശയോടുകൂടി ക്ഷേത്രാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലത്തിന് വരെ തറ വാടക നിശ്ചയിച്ചപ്പോള്‍ അതിനെതിരെ ബിജെപി കൗണ്‍സിലര്‍മാര്‍ സെക്രട്ടറിയെ ഉപരോധിക്കുക വരെയുണ്ടായിട്ടുണ്ട്. നഗരസഭയ്ക്ക് നഷ്ടമാണ്, ഓഡിറ്റ് റിപ്പോര്‍ട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് ലേലം ചെയ്ത് നല്കാന് തീരുമാനിച്ചത്. കരാറുകാരന് മറ്റൊരാളുടെ ബിനാമിയാണ്. നടപടി ക്രമങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് നിയമ വിരുദ്ധമായി കരാര്‍ നിട്ടിക്കൊടുത്തിരിക്കുന്നത്. ഇതിന് മേയറുടെ മുന്‍കൂര്‍ അനുമതി ഉണ്ടായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. കേരള മുനിസിപ്പാലിറ്റി ആക്ടിന്റെ നഗ്നമായ ലംഘനമാണിതെന്ന് എം.ആര് ഗോപന് പറഞ്ഞു. ഈ ചട്ട ലംഘനം വരാന്‍ പോകുന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി ഉന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: