Kerala

പി.പി. ദിവ്യക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: പി.കെ. കൃഷ്ണദാസ്

Published by

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അവര്‍ സ്ഥാനം രാജിവയ്‌ക്കണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവ്യയ്‌ക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യണം.

നവീന്‍ ബാബുവിന് സിപിഎമ്മുകാരനായ പ്രശാന്ത് പണം കൊടുത്തെന്നാണ് പറയുന്നത്. ഇതിനുവേണ്ടിയാണ് ദിവ്യ ശിപാര്‍ശ ചെയ്തത്. കൈക്കൂലിക്കാര്‍ക്കായി ശിപാര്‍ശ ചെയ്ത ദിവ്യയ്‌ക്കെതിരെ പോലീസ് കേസെടുക്കണം. ഇത് കൊലപാതകമാണ്. കാരണം ദിവ്യയുടെ ധിക്കാരപരമായ വാക്കുകളാണ് നവീന്‍ ബാബുവിന്റെ മരണത്തില്‍ കലാശിച്ചത്. ക്ഷണിക്കാത്ത യാത്രയയപ്പ് യോഗത്തില്‍ പോയി എന്തടിസ്ഥാനത്തിലാണ് ദിവ്യ സംസാരിച്ചതെന്ന് കൃഷ്ണദാസ് ചോദിച്ചു.

മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ പരാതിയില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തിയിട്ടുണ്ടോ. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നത് തെളിവ് നശിപ്പിക്കാനാണ്. കാരണം പരാതിക്കാരന്‍ ജോലി ചെയ്യുന്നത് പരിയാരം മെഡിക്കല്‍ കോളജിലാണ്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കുംവരെ ബിജെപി അവരോടൊപ്പം കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ സമിതിയംഗം സി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്കുമാര്‍, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പി.പി. ദിവ്യ കേരളത്തിന് അപമാനം: യുവമോര്‍ച്ച

രാഷ്‌ട്രീയ കേരളത്തിന് അപമാനമായ പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റാന്‍ സിപിഎം തയാറാകണമെന്ന് യുവമോര്‍ച്ച.

കണ്ണൂരിലെ സിപിഎം ആക്രമണത്തിന്റെ മറ്റൊരു ഇരയാണ് എഡിഎം നവീന്‍ ബാബു. സിപിഎം നേതാക്കന്‍മാരെ അനുസരിക്കാത്തവര്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല എന്നതാണ് സ്ഥിതി. എഡിഎമ്മിന്റെ ആത്മഹത്യക്ക് ശേഷവും ഇല്ലാ കഥകള്‍ പറഞ്ഞ് കുടുംബത്തെ വേട്ടയാടാനാണ് സിപിഎം നേതാക്കളും അണികളും ശ്രമിക്കുന്നതെന്നും പി.പി.ദിവ്യയെ സംരക്ഷിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നതെങ്കില്‍ ജനകീയ പോരാട്ടത്തിന് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by