Thiruvananthapuram

ആര്‍എസ്എസിനെ പഴിക്കുന്നത് തോല്‍വിയുടെ ജാള്യത മറയ്‌ക്കാന്‍: ഹിന്ദു ഐക്യവേദി; സ്പീക്കര്‍ക്ക് നിവേദനം നല്കി

Published by

തിരുവനന്തപുരം: പൂരത്തിന്റെ പേരില്‍ ആര്‍എസ്എസിനും ഹിന്ദുഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിക്കുമെതിരെ നിയമസഭയില്‍ ആരോപണമുന്നയിച്ചതില്‍ പ്രതിഷേധിച്ച് കൂറ്റന്‍ മാര്‍ച്ച്.

തൃശ്ശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ജാള്യത മറയ്‌ക്കാനാണ് ആരോപണങ്ങളെന്ന് നിയമസഭാ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു പറഞ്ഞു. എന്ത് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി കെ. രാജന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.

ഹിന്ദുനേതൃത്വത്തെ തകര്‍ത്ത് ഹൈന്ദവരെ ശിഥിലമാക്കാന്‍ ഇടതുവലതു മുന്നണികള്‍ നടത്തുന്ന കളിയാണ് നിയമസഭയില്‍ കണ്ടത്. ഭരണഘടനാ പദവിയിലിരിക്കുന്ന മന്ത്രിമാരും പ്രതിപക്ഷ നേതാവും എംഎല്‍എമാരും ഹിന്ദു ഐക്യവേദിയുടെ നേതാവ് വത്സന്‍ തില്ലങ്കേരിയെ മാത്രമല്ല ആര്‍എസ്എസിനെയും അധിക്ഷേപിച്ചു. തൃശ്ശൂരില്‍ സിപിഐക്കാരന്‍ തോറ്റതിന് ആര്‍എസ്എസിനു നേരെ കയറിയിട്ടു കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുടെ അജണ്ട ഏറ്റെടുത്താണ് വി.ഡി. സതീശനും സിപിഐ നേതാക്കന്മാരും നിയമസഭയില്‍ ആര്‍എസ്എസിനെതിരെ പറയുന്നത്.

പുരം അലങ്കോലമാക്കിയത് പിണറായിയുടെ പോലീസാണ്. കള്ളക്കടത്തുകാരെയും കള്ളപ്പണക്കാരെയും കരിഞ്ചന്തക്കാരെയും സഹായിക്കാനാണ് സതീശന്‍ ആര്‍എസ്എസിനെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ.് ബിജു, ഉപാധ്യക്ഷന്മാരായ കെ.വി. ശിവന്‍, ക്യാപ്റ്റന്‍ സുന്ദരം, ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സെക്രട്ടറിമാരായ കെ. പ്രഭാകരന്‍, പുത്തൂര്‍ തുളസി, സന്ദീപ് തമ്പാനൂര്‍, സാബു ശാന്തി, സംഘടനാ സെക്രട്ടറി സി. ബാബു, സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍, ട്രഷറര്‍ പി. ജ്യോതീന്ദ്രകുമാര്‍, സഹ ട്രഷറര്‍ ശ്രേയസ്, ജില്ലാ നേതാക്കളായ കിളിമാനൂര്‍ സുരേഷ്, കല്ലിയൂര്‍ കൃഷ്ണകുമാര്‍, അറപ്പുര ബിജു, വഴയില ഉണ്ണി, മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദു മോഹന്‍, ജില്ലാ പ്രസിഡന്റ് കലാമണി, ജനറല്‍ സെക്രട്ടറി പ്രീത തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.

ആര്‍എസ്എസിനും ഹിന്ദു ഐക്യവേദി വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിക്കുമെതിരെ നിയമസഭയില്‍ നടത്തിയ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ എ.എന്‍. ഷംസീറിന് നിവേദനം നല്കി.

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു, ജനറല്‍ സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്, സെക്രട്ടറി കെ. പ്രഭാകരന്‍, ട്രഷറര്‍ പി. ജ്യോതീന്ദ്ര കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് സ്പീക്കറുടെ ഓഫീസിലെത്തി നിവേദനം നല്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക