തിരുവനന്തപുരം: കേരളത്തില്‍ മോഡേണ്‍ മെഡിസിന് പ്രാക്ടീസ് ചെയ്യുന്നതിന് കൗണ്‍സില്‍ ഓഫ് മോഡേണ്‍ മെഡിസിന് രജിസ്ട്രേഷന് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ബന്ധമാക്കി. 2020 ലെ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് ആക്ട്, അനുബന്ധ ചട്ടങ്ങള്‍, 2021 ലെ കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്ട് എന്നിവ പ്രകാരമാണ് രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയത്. എംബിബിഎസ് യോഗ്യത രജിസ്റ്റര്‍ ചെയ്യാതെയും എംഡി / എംഎസ് / ഡിഎന്‍ബി, ഡിഎം / എംസിഎച്ച് / ഡിആര്‍ എന്‍ബി തുടങ്ങിയ അധിക യോഗ്യതകള്‍ രജിസ്റ്റര്‍ ചെയ്യാതെയും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരമില്ലാത്ത അധിക യോഗ്യതകള്‍ പ്രദര്‍ശിപ്പിച്ചും ഡോക്ടര്‍മാര്‍ കേരളത്തില്‍ പ്രാക്ടീസ് ചെയ്യുന്നതായി കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണിത്. രജിസ്റ്റര്‍ ചെയ്യാത്തതും അംഗീകാരമില്ലാത്തതുമായ യോഗ്യതകള്‍ പ്രദര്‍ശിപ്പിച്ച് പ്രാക്ടീസ് ചെയ്യുന്നത് നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ശിക്ഷാര്‍ഹമാണ്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഡോക്ടര്‍മാരുടെ ചിത്രങ്ങളും യോഗ്യതകളും സഹിതം ആശുപത്രി മാനേജ്മെന്റുകള്‍ പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പരസ്യം നല്‍കുന്നതും കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരം പ്രവര്‍ത്തികളിലും ഉചിതമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കൗണ്‍സിലിന് അധികാരമുണ്ട്.
മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ അവര്‍ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്ത് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് നമ്പര്‍, രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതകള്‍, കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയിട്ടുള്ള രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് (നിയമപരമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്) എന്നിവ പ്രദര്‍ശിപ്പിക്കണം. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതകളും അധിക യോഗ്യതകളും രജിസ്ട്രേഷന് നമ്പര്‍ എന്നിവ മാത്രമേ പ്രാക്ടീസ് ചെയ്യുന്ന സ്ഥലത്തും മരുന്ന് കുറിപ്പടികളിലും ലെറ്റര്‍പാഡുകളിലും സീലുകളിലും ഉപയോഗിക്കാവൂ.
കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകള്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന മോഡേണ്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയിട്ടുള്ള അസല്‍ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് അവരുടെ യോഗ്യത ഉറപ്പുവരുത്തണം. സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് കോപ്പികള്‍ / നിയമപരമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാപനത്തില്‍ സൂക്ഷിക്കുകയും വേണം. മെഡിക്കല്‍ കോളേജുകള്‍, ആശുപത്രികള്‍, ക്ലിനിക്കുകളിലെല്ലാം ഡിസ്പ്ലേ ബോര്‍ഡുകളില്‍ മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ പേര്, യോഗ്യത, മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അധിക യോഗ്യത, രജിസ്ട്രേഷന് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തണം.
ആധുനിക വൈദ്യശാസ്ത്ര സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രാക്ടീഷണര്‍മാരുടെ പേര്, രജിസ്ട്രേഷന് നമ്പര്‍, യോഗ്യതകള്‍, അധിക യോഗ്യതകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള ലിസ്റ്റ് എല്ലാ സ്ഥാപന മേധാവികളും കേരള സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിലേക്ക് [email protected] ല്‍ ഒക്ടോബര്‍ 31 ന് മുമ്പ് സമര്‍പ്പിക്കണമെന്നും സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: