തിരുവനന്തപുരം: ദേവികുളം കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, സര്‍വ്വെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അടിയന്തരമായയോഗം വിളിച്ചു ചേര്‍ക്കുമെന്ന് റവന്യു മന്ത്രി കെ രാജന്.
നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിരുകള്‍ നിര്‍ണ്ണയിക്കുക, ഭൂമി പ്രശ്നം പരിഹരിക്കുക, സര്‍വ്വെ നടത്തുക, പട്ടയങ്ങളുടെ ആധികാരികത പരിശോധിക്കുക, ഉദ്ദേശവിജ്ഞാപനത്തില്‍ പെട്ട ഭൂമിയില്‍ താമസിച്ച് കൃഷിചെയ്ത് വരുന്നവരെ ഒഴിപ്പിക്കാതെ അവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നിവയാണ് പരിഹരിക്കപ്പെടേണ്ട പ്രധാനപ്പെട്ട പ്രശ്നങ്ങള്‍. ഇതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വനഭൂമിയും പട്ടയഭൂമിയും തിട്ടപ്പെടുത്തേണ്ടതുണ്ട്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുന്നതിന് കുറിഞ്ഞിമല ഉദ്യാനത്തിന്റെ സെറ്റില്‍മെന്റ് ഓഫീസറായി പ്രത്യേക ചുമതല നല്കി ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഇതോടൊപ്പം വിജ്ഞാപനവുമായി ബന്ധപ്പെട്ട ചില നിയമ പ്രശ്നങ്ങളില്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം സ്പെഷല്‍ ഓഫീസര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കേറ്റ് ജനറല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം നടത്തിയെങ്കിലും നിയമോപദേശം ലഭ്യമാക്കിയിട്ടില്ല. നിയമോപദേശം ലഭ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സ്പെഷല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സങ്കേതത്തിന്റെ അതിരുകള്‍ തിട്ടപ്പെടുത്തതിന് പ്രസ്തുത വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വ്വെ നടത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും നിയമസഭയില്‍ എ രാജ എം എല്‍ എ യുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: