കിളിമാനൂര്‍: കാലചക്രത്തില്‍ മാറ്റപ്പെട്ടെങ്കിലും നാട്ടുകാര്‍ക്ക് ഒരുകാലത്ത് ഏറെ പ്രയോജനപ്പെട്ടിരുന്ന ചുമടുതാങ്ങി ഉണ്ടായിരുന്ന സ്ഥലത്തിന്റെ സ്ഥലപ്പേര് അന്വര്‍ത്ഥമാക്കുവാന്‍ നാട്ടുകാര്‍ വീണ്ടും ചുമടുതാങ്ങി സ്ഥാപിച്ചു.
മടവൂര്‍ ഗ്രാമപഞ്ചായത്തിലെ തുമ്പോടിനും കൃഷ്ണന്കുന്നിനും ഇടയിലുള്ള ചുമടുതാങ്ങി എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് ചുമടുതാങ്ങി പുനഃസ്ഥാപിച്ചത്. ഇവിടെ പഴയകാലത്ത് നിലനിന്നിരുന്ന ചുമടുതാങ്ങി റോഡ് വികസനം വന്നപ്പോള്‍ എടുത്ത് മാറ്റി വേറെ രണ്ടുസ്ഥലത്ത് കൊണ്ടിട്ടിരുന്നു. ഇപ്പോള്‍ ‘ചുമടുതാങ്ങി’ പ്രവീണ്‍ എന്നയാളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്ന്ന്പുനഃസ്ഥാപിക്കുകയായിരുന്നു.
വാഹനങ്ങള്‍ ഇന്നത്തെ പോലെ ഇല്ലാതിരുന്ന കാലത്ത് തലചുമടുമായി വരുന്നവര്‍ക്ക് സഹായത്തിന് സ്ഥാപിച്ചവയായിരുന്നു ചുമടുതാങ്ങികള്‍. അതിനോടനുബന്ധിച്ച് വഴിയമ്പലങ്ങളും കിണറും കല്‍ത്തൊട്ടികളും കാണുമായിരുന്നു. വഴിയാത്രികരുടെയും വണ്ടിക്കാളകളുടെയും ക്ഷേമം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. മടവൂര്‍ പഞ്ചായത്ത് മെമ്പര്‍ ഷൈജൂദേവ് ചുമടുതാങ്ങിയുടെ പുനഃസ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
നാട്ടുകാരി കാര്‍ത്തിക ചുമട് ഇറക്കി. നിലമേല്‍ എന്‍എസ്എസ് കോളജ് ചരിത്രവിഭാഗം അധ്യാപകന് പ്രൊഫ. അജയന് ചുമടുതാങ്ങികളെ കുറിച്ചും പഴയകാലത്തെ അതിന്റെ പ്രസക്തിയെക്കുറിച്ചും നാട്ടുകാരോട് സംവദിച്ചു. പഞ്ചായത്തംഗം കെ. മോഹന്‍ദാസ്, അണുക്കാട്ടില്‍ ശ്രീകുമാര്‍, പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. ചെറുതെങ്കിലും അങ്ങനെ ചരിത്രത്തിന്റെ ഒരു തിരുശേഷിപ്പ് പുനഃസ്ഥാപിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: