കൊല്ലം: പരിസ്ഥിതി, സുസ്ഥിരവികസന മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കും സമഗ്ര സംഭാവനകള്‍ക്കുമുള്ള ഇന്റര്‍നാഷണല്‍ ഗ്രീന്‍ ഗൗണ്‍ പുരസ്കാരം അമൃത വിശ്വവിദ്യാപീഠത്തിന്. ബെനഫിറ്റിങ് സൊസൈറ്റി വിഭാഗത്തില്‍ അമൃത വിശ്വവിദ്യാപീഠത്തില്‍ ആരംഭിച്ച ലിവ് ഇന്‍ ലാബ്സ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്. അമൃത വിശ്വവിദ്യാപീഠം ചാന്‍സലര്‍ മാതാ അമൃതാനന്ദമയി ദേവി 2013ലാണ് ലിവ് ഇന്‍ ലാബ്സ് ആരംഭിക്കുന്നത്. ഗ്രാമീണ പ്രദേശങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലിവ് ഇന്‍ ലാബ്സ് ചെയ്യുന്നതെന്ന് വിധികര്‍ത്താക്കള്‍ അറിയിച്ചു.
ഒഡീഷയിലെ ഒറ്റപ്പെട്ട ഗ്രാമമായ ഗുപ്തപദയില് ലിവ് ഇന്‍ ലാബ്സ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇതിന് മാതൃകയായി ചൂണ്ടിക്കാട്ടിയത്. ജല ലഭ്യതക്കുറവ്, ശുചിത്വമില്ലായ്മ, പരിമിതമായ ഉപജീവന സാധ്യതകള്‍, മോശം പാചകരീതികളില്‍ നിന്നുള്ള ആരോഗ്യ അപകടങ്ങള്‍ തുടങ്ങിയ പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഇടപെടലുകളാണ് ലിവ് ഇന്‍ ലാബ്സ് ഗുപ്തപദയില് നടത്തിയത്.
28 രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്ത 95 സര്‍വകലാശാലകളില്‍ നിന്ന് അമൃത വിശ്വവിദ്യാപീഠം ഒന്നാമതെത്തുകയായിരുന്നു. ഇന്റര്‍നാഷണല്‍ ഗ്രീന്‍ ഗൗണ്‍ അവാര്‍ഡ് ലഭിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: