India

കാറ്റുപോയി പ്രിയങ്ക

Published by

ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തോല്‍വിയോടെ കാറ്റു പോയത് പ്രിയങ്ക ഗാന്ധി വധേരയുടേതാണ്. കാരണം ഭൂപീന്ദര്‍ സിങ്ങ് ഹൂഡ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഹരിയാനയില്‍ എത്തിയിരുന്നെങ്കില്‍ പ്രിയങ്ക ഗാന്ധി വധേര ഹരിയാന വഴി ദല്‍ഹി പിടിച്ചേനെ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. പക്ഷെ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ തോല്‍വി പ്രിയങ്ക ഗാന്ധിയുടെ രാഷ്‌ട്രീയ ഭാവിയെത്തന്നെ ബാധിക്കുകയാണ്.

ഗുസ്തിതാരം വിനേഷ് ഫൊഗാട്ടിനെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് പ്രിയങ്ക ഗാന്ധിയാണ്. അതുകൊണ്ടാണ് ഒരു പ്രസംഗത്തില്‍ തന്നെ ഒളിമ്പിക്സില്‍ മത്സരിക്കാന്‍ അയച്ചത് പ്രിയങ്ക ഗാന്ധിയാണെന്ന് വിനേഷ് ഫൊഗാട്ട് തന്നെ വിളിച്ചുപറഞ്ഞത്. വന്‍ ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതിയ മണ്ഡലത്തില്‍ വിനേഷ് ഫൊഗാട്ട് തന്നെ കഷ്ടി കടന്നുകൂടുകയായിരുന്നു. വിനേഷ് ഫൊഗാട്ടിന് വേണ്ടി പ്രിയങ്കയും ഭൂപീന്ദര്‍ സിങ്ങ് ഹൂഡയും വലിച്ചെറിഞ്ഞ പണമൊന്നും ലക്ഷ്യത്തിലെത്തിയില്ല. എന്തിന് വിനേഷ് ഫൊഗാട്ടിന്റെ വിജയം പോലും അവര്‍ക്ക് ആഘോഷിക്കാന്‍ കഴിഞ്ഞില്ല. കാരണം തോല്‍വി ഭീതിദമായിരുന്നു.

ഭൂപീന്ദര്‍ സിങ്ങ് ഹൂഡ നിര്‍ത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ പലരും ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റുപോയി. ഇപ്പോള്‍ പറത്തുവരുന്ന റിപ്പോര്‍ട്ട് ഹരിയാന തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൂഡ രാഹുല്‍ ഗാന്ധിയ്‌ക്ക് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഹൂഡയ്‌ക്ക് ഭൂരിപക്ഷം സീറ്റുകളും നല്‍കിയത് എന്നാണ്.

പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും ഭൂപീന്ദര്‍ സിങ്ങ് ഹൂഡയും തമ്മിലുള്ള ബന്ധം പൂത്തുലയുന്നത് 2013ലാണ്. അന്ന് ഹരിയാന ഭരിച്ചിരുന്നത് കോണ്‍ഗ്രസാണ്. അന്ന് ഭൂപീന്ദര്‍ സിങ്ങ് ഹൂഡ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ആമിപൂര്‍ എന്ന സ്ഥലത്തെ കര്‍ഷകരുടെ 50 ഏക്കര്‍ കൃഷിഭൂമി പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധ്രയ്‌ക്ക് നല്‍കിയിരുന്നു. ഇതിന് പിന്നില്‍ കരുക്കള്‍ നീക്കിയത് ഭൂപീന്ദര്‍ സിങ്ങ് ഹുഡയാണ്. ഈ ഭൂമി തരം മാറ്റി റോബര്‍ട്ട് വധേര പിന്നീട് ഡിഎല്‍എഫ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് വിറ്റു. ഇതില്‍ റോബര്‍ട്ട് വധേര വന്‍ലാഭം കൊയ്തു എന്ന് പറയുന്നതു. ഡിഎല്‍എഫ്, റോബര്‍ട്ട് വധേര, ഭൂപീന്ദര്‍ സിങ്ങ് ഹൂഡ എന്നിവര്‍ ചേര്‍ന്ന് ഗുരുഗ്രാമില്‍ നടത്തിയ വന്‍ ഭൂമി അഴിമതികളെക്കുറിച്ച് പിന്നീട് സിബിഐഅന്വേഷണം നടത്തിയിരുന്നു. നിരവധി ഭൂമി അഴിമതിക്കേസുകള്‍ സിബിഐ ഫയല്‍ ചെയ്തു.

അതോടെ പ്രിയങ്കയും ഭര്‍ത്താവിന്റെ മിടുക്കില്‍ ശ്രദ്ധേയയായി. ഇക്കുറി ഭൂപീന്ദര്‍ ഹൂഡ ജയിച്ചിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയല്ല, പ്രിയങ്ക ഗാന്ധിയും ഒരു പക്ഷെ റോബര്‍ട്ട് വധേരയും ദേശീയ രാഷ്‌ട്രീയത്തിലെ പ്രധാനകോണ്‍ഗ്രസ് നേതാക്കളായി മാറുമായിരുന്നു. പക്ഷെ ഭൂപീന്ദര്‍ സിങ്ങ് ഹൂഡയുടെ വന്‍ തോല്‍വി പ്രിയങ്കയുടെ പദ്ധതികളെ തകര്‍ത്തെറിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക