തിരുവനന്തപുരം: തന്റെ ആധാര്‍ ഉപയോഗിച്ച് അനധികൃതവസ്തുക്കള്‍ തായ് വാനിലേക്ക് കടത്തിയെന്ന് മുംബൈ പൊലീസിന്റെ കാള്‍ വന്നതോടെ നടി മാലാ പാര്‍വ്വതി ഞെട്ടി. തലേദിവസം ഷൂട്ടിംങ്ങ് കഴിഞ്ഞ് രാത്രി വൈകിയെത്തിയ മാല പാര്‍വ്വതിക്ക് പിറ്റേന്ന് രാവിലെ പത്ത് മണിക്കാണ് കോള്‍ വന്നത്. അനധികൃത വസ്തുക്കള്‍ അടങ്ങിയ കൊറിയര്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മാലാ പാര്‍വ്വതി വലിയ കുറ്റം ചെയ്തിരിക്കുന്നു എന്നുമായിരുന്നു മുംബൈ പൊലീസില്‍ നിന്നെന്ന് പരിചയപ്പെടുത്തിയ ആള് വിളിച്ചുപറഞ്ഞത്.
ധൈര്യമുണ്ടെന്ന് സ്വയം കരുതിയിരുന്ന മാലാ പാര്‍വ്വതി ഒരു നിമിഷം തകര്‍ന്നു പോയി. കാരണം മറുപുറത്ത് വിക്രം സിങ്ങ് എന്ന മുംബൈ പൊലീസിലെ ആള് ആധികാരികമായി സംസാരിക്കുകയാണ്. താന്‍ തായ് വാനിലേക്ക് അയച്ച കൊറിയറില്‍ അഞ്ച് പാസ്പോര്ട്ടുകള്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍, ലാപ് ടോപ്, 200 ഗ്രാം എംഡിഎംഎ എന്നിവ ഉണ്ടായിരുന്നതായും വിക്രം സിങ്ങ് എന്നയാള്‍ മാലാ പാര്‍വ്വതിയോട് പറഞ്ഞതോടെ നടിയുടെ കാറ്റ് പോയി.
തളര്‍ന്നു എന്ന് ബോധ്യമായതോടെ വിക്രംസിങ്ങ് മെല്ലെ മെല്ലെ അവര്‍ ബാങ്ക് അക്കൗണ്ട് നമ്പറും മേല്‍വിലാസവും ചോദിച്ചറിയാന്‍ നോക്കി. മുംബൈ ക്രൈം ബ്രാഞ്ചില്‍ നിന്നാണെന്ന് അറിയിക്കാന്‍ അവരുടെ ഐഡി കാര്‍ഡ് വരെ ഫോണില്‍ അയച്ചു. വാട്സാപില്‍ തുടര്‍ച്ചയായി അവര്‍ തടങ്കലില്‍ വെയ്ക്കുകയായിരുന്നു.
അതിനിടെ അവരുടെ ഐഡി കാര്‍ഡ് ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ തെറ്റുണ്ടെന്ന് കണ്ടു. അവരുടെ കാര്‍ഡില്‍ അശോകസ്തംഭം കാണാനില്ല. ട്രാപ്പാണെന്ന് മാനേജര്‍ താക്കീത് നല്കുന്നുണ്ടായിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കയ്യില്‍ ഫോണ്‍ കൊടുത്തതോടെ അയാള്‍ വേഗം ഫോണ്‍ കട്ടാക്കി. അതോടെ ഇത് സൈബര്‍ തട്ടിപ്പാണെന്ന് മനസ്സിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: