മുംബൈ: വിമാനങ്ങൾക്ക് വീണ്ടും ബോംബ് ഭീഷണി. ഗൾഫിലേക്ക് പുറപ്പെടാനൊരുങ്ങിയ രണ്ട് ഇൻഡിഗോ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ഉണ്ടായത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് യാത്ര തിരിക്കേണ്ടിയിരുന്ന 6ഇ 1275 വിമാനത്തിനും ജിദ്ദയിലേക്ക് പോകേണ്ടിയിരുന്ന 6ഇ 56 വിമാനത്തിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ഇൻഡിഗോയുടെ വക്താവ് അറിയിച്ചു.
രണ്ട് വിമാനങ്ങളും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ച് വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിലും ബോംബ് ഭീഷണി ഉണ്ടായി. ഇ-മെയിൽ സന്ദേശങ്ങളിലൂടെയാണ് ഭീഷണി സന്ദേശങ്ങൾ എത്തിയത്. ഇൻഡിഗോ വിമാനങ്ങൾ മുംബൈ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്നതിന് മുമ്പാണ് ഭീഷണി സന്ദേശം എത്തിയത്.
പരിശോധനയിൽ ബോംബൊന്നും കണ്ടെത്തിയിട്ടില്ല.എയർ ഇന്ത്യ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചത്. ഇതോടെ വിമാനം അടിന്തരമായി ഡൽഹിയിൽ ഇറക്കുകയായിരുന്നു. വിമാനത്തിൽ 239 യാത്രികരുണ്ടായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. യാത്രക്കാർ സുരക്ഷിതരാണെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: