പാലക്കാട്: വര്‍ഷങ്ങളുടെ കാത്തിരുപ്പിനൊടുവില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പുതിയ ടെര്‍മിനല്‍ സജ്ജമായിട്ടും സമീപത്തെ ബൈപ്പാസ് റോഡില്‍ ബസുകളുടെ അനധികൃത പാര്‍ക്കിങ് തുടരുന്നു. മിക്ക ബസുകളും നിര്‍ത്തിയിടുന്നത് ടെര്‍മിനലിനു പിന്‍വശത്തുള്ള യാക്കര – ഡിപിഒ ബൈപ്പാസ് റോഡിലാണ്. വര്‍ഷങ്ങളായി ഇവ കെഎസ്ആര്‍ടിസിയുടെ പാര്‍ക്കിങ് കേന്ദ്രമാണ്.
ദീര്‍ഘദൂര ബസുകള്‍ക്ക് പുറമെ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന വോള്‍വോ ബസുകളും ഇവിടെ നിര്‍ത്തിയിടുന്നത് പതിവാണ്. യാക്കര ഭാഗത്തേക്ക് വരുന്ന റോഡിലും ലിങ്ക്‌റോഡ് ജങ്ഷനിലേക്ക് വരുന്ന റോഡിലുമാണ് പാര്‍ക്കിങ്. 2022 നവംബര്‍ 10നാണ് പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തത്. പുതിയ ടെര്‍മിനല്‍ സജ്ജമായതിനാല്‍ ബൈപ്പാസിലെ കെഎസ്ആര്‍ടിസി ബസുകളുടെ പാര്‍ക്കിങ് ഇല്ലാതാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനുള്ള യാതൊരു നീക്കവും ഇതുവരെ ഉണ്ടായില്ലെന്നാണ് അറിയുന്നത്.
സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്നിടത്തും കെഎസ്ആര്‍ടിസിയുടെയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെയും ബസുകള്‍ നിര്‍ത്തിയിടുന്നത് പതിവാണ്. പുതിയ ടെര്‍മിനലിന്റെ പിന്നില്‍ ബൈപ്പാസ് റോഡിനോട് ചേര്‍ന്നാണ് കെഎസ്ആര്‍ടിസിയുടെ ഗാരേജുള്ളത്.
റോഡരികില്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ചെറിയവാഹന യാത്രക്കാരുടെ കാഴ്ച മറയ്‌ക്കുന്നതിനാല്‍ അപകട സാധ്യതകളേറെയാണ്. പുതിയ ടെര്‍മിനല്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പ് കെഎസ്ആര്‍ടിസിയും തമിഴ്‌നാട് ബസുകളുമെല്ലാം ബൈപ്പാസ് റോഡില്‍ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റിയിരുന്നത്.
ടെര്‍മിനലിനകത്തും പഴയ അന്തര്‍സംസ്ഥാന ടെര്‍മിനലിന്റെ ഭാഗത്തും ബസുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ട്. യാക്കര സിവില്‍സ്റ്റേഷന്‍ ഭാഗത്ത് നിന്നും നൂറണി ഭാഗത്തേക്കും ഷാദിമഹല്‍ ഭാഗത്തേക്കും രാപകലന്യേ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന റോഡാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: