പത്തനംതിട്ട : കൂട്ടിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനം ഇളവു നല്കി സര്‍ക്കാര്‍ 2024 ജൂലൈയില്‍ ഉത്തരവിറക്കിയെങ്കിലും അധിക തുക തിരിച്ചുകിട്ടാതെ വലയുന്നത് ലക്ഷക്കണക്കിന് അപേക്ഷകര്‍.
സാധാരണക്കാര്‍ നിര്‍മ്മിക്കുന്ന 1200 ചതുരശ്രഅടി വീടിന് സര്‍വീസ് ചാര്‍ജും ടാക്സും ഉള്‍പ്പെടെ പെര്‍മിറ്റ് ഫീസായി മുന്‍പ് വാങ്ങിയിരുന്നത് 712 രൂപയായിരുന്നു. എന്നാല്‍ 2023 ഏപ്രില്‍ 10ന് പുതിയ ഫീസ് നിരക്ക് നിലവില്‍ വന്നതിനു ശേഷം അടയ്ക്കേണ്ടി വന്നത് 13,530രൂപയാണ്. 19 മടങ്ങ് വര്‍ദ്ധനവ്. കെട്ടിട നിര്‍മാണ ഫീസ്, ലേ ഔട്ട് അപ്രൂവല്‍ ഫീസ്, അനുബന്ധ നിര്‍മാണ ജോലികള്‍ക്കുള്ള ഫീസ് എന്നിവയിലാണ് സംസ്ഥാന സര്‍ക്കാര്‍ വന്‍ വര്‍ദ്ധന നടപ്പിലാക്കിയത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ പരാജയം നേരിട്ടതിനു പിന്നാലെയാണ് പെര്‍മിറ്റ് ഫീസ് വര്‍ദ്ധന ഭാഗികമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
എന്നാല്‍ ഇതിനോടകം നാല് ലക്ഷത്തിലധികം പേര് ഉയര്‍ന്ന പെര്‍മിറ്റിനായി കൂടിയ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ചിരുന്നു. ഇവര്‍ക്ക് 2023 ഏപ്രില്‍ 10 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ അധിക തുക തിരിച്ച് നല്‍കുമെന്നായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്.
കെ -സ്മാര്‍ട്ട് ആപ്പ്, ഐഎല്‍ജിഎംഎസ് എന്നിവ വഴി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അധിക തുക തിരിച്ച് കിട്ടാന്‍ അപേക്ഷിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും മന്ത്രിയുടെ നിര്‍ദേശം വന്ന് നാലു മാസം പിന്നിട്ടിട്ടും തുക ലഭിച്ചിട്ടില്ല. അധിക തുക ബാങ്ക് മുഖേനെ തിരിച്ചു നല്‍കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശമെന്നും 2025 മാര്‍ച്ച് 31 വരെ ഇതിനു സാവകാശം നല്‍കിയിട്ടുണ്ടെന്നുമാണ് ഇക്കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്കുന്ന വിശദീകരണം.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിരിച്ചെടുത്ത തുക ഈ വര്‍ഷം തിരിച്ചു നല്കാന് സര്‍ക്കാര്‍ എടുത്ത തീരുമാനം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ബജറ്റിനെയും സാമ്പത്തിക സ്ഥിതിയെയും താളം തെറ്റിക്കുമെന്നതിനാലാണ് ഉടന്‍ മടക്കി നല്‍കാത്തതെന്നാണ് ആക്ഷേപം.
ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തിനും കെടുകാര്യസ്ഥതക്കും വീണ്ടും സാധരണക്കാര്‍ ബലിയാടാകുകയാണ്. അധികതുക എന്നു ലഭിക്കുമെന്നതില്‍ അപേക്ഷകരും എന്നു നല്കാനാവുമെന്നതില് ഉദ്യോഗസ്ഥരും ഒരു പോലെ അനിശ്ചിതത്വത്തിലാണ്.
കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് ഫീസുകള്‍ പരിഷ്കരിക്കുമ്പോള്‍ ചട്ടം ഭേദഗതി ചെയ്യണമെന്നാണ് നിബന്ധന. എന്നാല്‍ സര്‍ക്കാര്‍ എക്സിക്യൂട്ടീവ് ഉത്തരവ് മാത്രം ഇറക്കി ഫീസ് വര്‍ദ്ധനവ് നടപ്പിലാക്കുകയായിരുന്നു. ഇതോടെ പഞ്ചായത്തുകളും നഗരസഭകളും കോര്‍പ്പറേഷനുകളും കൂടിയ ഫീസ് ഈടാക്കിയത് നിയമവിരുദ്ധമായാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: