അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍ ആദ്യമായി സെഞ്ചുറി നേടുന്ന ഭാരത വിക്കറ്റ് കീപ്പര്‍ എന്ന റിക്കാര്‍ഡിന് മലയാളത്തിന്റെ സ്വന്തം സഞ്ജു മാത്രം അര്‍ഹന്‍. ഭാരതത്തിനായി ഇനിയെത്ര വിക്കറ്റര്‍ കീപ്പര്‍മാര്‍ ട്വന്റി 20യില്‍ സെഞ്ചുറി നേടിയാലും ആദ്യമായി സെഞ്ചുറിയടിച്ച ബാറ്റര്‍ എന്ന നിലയില്‍ സഞ്ജു വി. സാംസണ് എന്ന പേര് ചരിത്രത്തില്‍ എക്കാലത്തും നിറഞ്ഞു നില്ക്കും. ട്വന്റി20യില്‍ പകരംവയ്ക്കാനില്ലാത്ത മഹേന്ദ്ര സിങ് ധോണി എന്ന ഇതിഹാസം ഭാരതത്തിനായി നിറഞ്ഞു നിന്നിട്ടുണ്ട്. ആ യുഗത്തിന് ശേഷം ഭാരതത്തിനായി വിക്കറ്റിന് പിന്നിലെ കവലാളായി എത്തിയ ഋഷഭ് പന്ത് തികഞ്ഞൊരു ക്ലാസിക് ബാറ്റര്‍ കൂടിയാണ്. എന്നിട്ടും കുട്ടിക്രിക്കറ്റില്‍ ആദ്യമായി സെഞ്ചുറി തികയ്ക്കുന്ന ഭാരത വിക്കറ്റ് കീപ്പര്‍ എന്ന അസുലഭ നേട്ടം സ്വന്തമാക്കാനായത് സഞ്ജുവിന് മാത്രം.
പരമ്പര സ്വന്തമാക്കി കഴിഞ്ഞ വേളയില്‍ ബംഗ്ലാദേശിനെതിരെ ശനിയാഴ്ച്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് യാതൊരു പ്രസക്തിയുമുണ്ടായിരുന്നില്ല. പക്ഷെ രണ്ട് ടെസ്റ്റും മൂന്ന് ട്വന്റി20യും കളിക്കാനെത്തിയ ബംഗ്ലാദേശിന് നാട്ടിലേക്ക് തിരിക്കും മുമ്പ് ആശ്വാസത്തിന് ഒരു ജയത്തിനുള്ള ഒടുവിലത്തെ അവസരമായിരുന്നു അത്. ഏതുവിധേനയും ജയിക്കുകയെന്ന അവരുടെ ആഗ്രഹങ്ങള്‍ക്ക് മീതെ സിക്സറുകളും ബൗണ്ടറികളും പറത്തി സഞ്ജു ചിറകടിച്ചുയര്‍ന്നു. നേരിട്ട പന്തുകളുടെ എണ്ണം 40 ആകുമ്പോഴേക്കും സഞ്ജുവിന്റെ പേരിലുള്ള റണ്‍സ് നൂറഴകായി സ്കോര്‍ ബോര്‍ഡില്‍ തെളിഞ്ഞു. കുട്ടിക്രിക്കറ്റില്‍ ഭാരത വിക്കറ്റ് കീപ്പറുടെ ആദ്യനൂറ്. ഈ മൂന്നക്കം തികയ്ക്കും മുമ്പേ മറ്റൊരു റിക്കാര്‍ഡ് കൂടി സഞ്ജു മറികടന്നിരുന്നു. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നിലയില്‍ ഇഷാന് കിഷന് നേടിയിരുന്ന 89 റണ്‍സിന്റെ റിക്കാര്‍ഡ് മറികടന്നു.
ബംഗ്ലാദേശിനെതിരെ മൂന്നാം ട്വന്റി20യില്‍ അഭിഷേക് ശര്‍മയുമൊത്ത് തുടങ്ങിയ ഇന്നിങ്സില്‍ ഭാരതത്തിന് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. നാല് റണ്‍സെടുത്ത അഭിഷേക് പുറത്തായി. വെടിക്കെട്ടിന് തിരികൊളുത്തി നിന്നിരുന്ന സഞ്ജുവിനരികിലേക്ക് മൂന്നാമനായി നായകന് സൂര്യകുമാര്‍ എത്തി. ഒരു വിക്കറ്റ് വീണതിന്റെ അങ്കലാപ്പില്ലാതെ സഞ്ജു സ്വതസിദ്ധ ശൈലിയില്‍ ബാറ്റ് പിന്നെയും വീശിയടിക്കാന്‍ തുടങ്ങി.
നോണ്‍ സ്ട്രൈക്ക് എന്‍ഡില്‍ സൂര്യ കാഴ്ച്ചക്കാരനായിരിക്കെ സഞ്ജുവിന്റെ ബാറ്റില്‍ തൊട്ട പന്തുകള്‍ നിലം തൊടാതെ പലതവണ അതിര്‍ത്തിക്കപ്പുറമെത്തി. പത്താം ഓവറില്‍ ബംഗ്ലാദേശിനായി തന്റെ രണ്ടാം ഓവര്‍ എറിയാന്‍ എത്തിയ റിഷാദ് ഹൊസ്സെയ്ന്റെ ആദ്യ പന്തില്‍ സഞ്ജു പ്രതിരോധിച്ചു. പിന്നീട് ആ ഓവറിലെ എല്ലാ പന്തുകളും സിക്സര്‍ പായിച്ചുകൊണ്ട് സഞ്ജു അതിവേഗം സെഞ്ചുറിയോടടുത്തു. മെഹ്ദി ഹസന് എറിഞ്ഞ 13-ാം ഓവറിന്റെ മൂന്നാം പന്തിനെ ബൗണ്ടറി കടന്നി സഞ്ജു ചരിത്ര സെഞ്ചുറി സ്വന്തം പേരിലാക്കി. പിന്നീട് ഏഴ് പന്തുകള്‍ കൂടി നേരിട്ട് ആണ് താരം പുറത്തായത്.
മത്സരത്തില്‍ ഭാരതം ലോക ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കോര്‍: കണ്ടെത്തി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 297. ഇതിനെതിരെ ബാറ്റ് ചെയ്ത ബംഗ്ലാ സ്കോര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്താണ് പരാജയപ്പെട്ടത്. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് സെഞ്ചുറിക്കാരന്‍ സഞ്ജു ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: