ഡെറാഡൂൺ: രാജ്യത്ത് വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ഉത്തരാഖണ്ഡിലെ റൂർക്കിയിലെ ദന്ധേര റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ഗ്യാസ് സിലിണ്ടർ കണ്ടെടുത്തു. സൈനിക ഗതാഗതത്തിന് ഉപയോഗിക്കുന്ന റൂട്ടിൽ ബംഗാൾ എഞ്ചിനീയർ ഗ്രൂപ്പ് സെൻ്ററിന്റെ ആസ്ഥാനത്തിന് സമീപമാണ് സിലിണ്ടർ കണ്ടെത്തിയത്.
ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ഗ്യാസ് സിലിണ്ടർ കണ്ടെത്തുന്നത്. തുടർന്ന് എമർജൻസി ബ്രേക്കിട്ട ശേഷം അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സിലിണ്ടർ ട്രാക്കിൽ നിന്ന് മാറ്റി.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സൈനിക വാഹനങ്ങൾ കൊണ്ടുപോകുന്നതിനും ചരക്ക് ട്രെയിനുകൾ വഴി സൈനികരുടെ യാത്ര സുഗമമാക്കുന്നതിനും ഉപയോഗിക്കുന്ന പ്രത്യേക ട്രാക്കാണിത്.
നേരത്തെ ഗുജറാത്തിലെ സൂറത്തിൽ റെയിൽവേ ട്രാക്കിൽ നിന്ന് പ്ലേറ്ററുകളും താക്കേലുകളും കണ്ടെത്തിയിരുന്നു. കാൺപൂരിൽ നിന്ന് ഗ്യാസ് സിലിണ്ടറും കണ്ടെടുത്തിരുന്നു. സിമൻ്റ് കട്ടകളും ഇരുമ്പ് കമ്പികളും വിവിധ ട്രാക്കുകളിൽ നിന്ന് കണ്ടെത്തിയിരുന്നു.
രാജ്യത്ത് അടിക്കടി ട്രെയിൻ അട്ടിമറി സംഭവങ്ങൾ അരങ്ങേറുന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: