ചണ്ഡീഗഡ്: നെല്ല് സംഭരണത്തിൽ കാലതാമസമുണ്ടായെന്നാരോപിച്ച് പഞ്ചാബ് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി. ധാന്യവിപണികളിൽ കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദി എഎപി സർക്കാരാണെന്ന് പഞ്ചാബ് ബിജെപി വൈസ് പ്രസിഡൻ്റ് ഫത്തേ ജംഗ് സിംഗ് ബജ്വ പറഞ്ഞു.
നെല്ല് വാങ്ങുന്നതിനായി കേന്ദ്രം സംസ്ഥാന സർക്കാരിന് പണം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലും പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിന് വിളകൾ സുഗമമായി വാങ്ങാൻ കഴിയുന്നില്ലെങ്കിൽ തെറ്റ് സംസ്ഥാന സർക്കാരിൻ്റേതാണ് മറിച്ച് കേന്ദ്രത്തിന്റെയല്ലെന്നും അദ്ദേഹം പറഞ്ഞു.
പിആർ-126 ഇനം നെല്ലിനെക്കുറിച്ച് സംസാരിക്കുമ്പോൾ റൈസ് മില്ലർമാർ കുറഞ്ഞ വിളവ് കാരണം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണെന്ന് ബിജെപി നേതാവ് ആരോപിച്ചു. സംസ്ഥാന സർക്കാർ കാരണമാണ് കർഷകർ പിആർ-126 ഇനം വിതച്ചതെന്ന് ഫത്തേ ജംഗ് സിംഗ് ബജ്വ പറഞ്ഞു. റൈസ് മില്ലുകാർ പഞ്ചാബ് സർക്കാരിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ നെല്ല് സംഭരണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് ഇന്ന് പഞ്ചാബിൽ റെയിൽവേ ട്രാക്കുകളിൽ കുത്തിയിരിപ്പ് നടത്തുമെന്ന് ഭാരതി കിസാൻ യൂണിയൻ അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയാണ് പ്രതിഷേധം നടക്കുകയെന്ന് ബികെയു ജനറൽ സെക്രട്ടറി സുഖ്ദേവ് സിംഗ് കോക്രിക്കലൻ പറഞ്ഞു.
മന്ദഗതിയിലുള്ള നെല്ല് സംഭരണത്തിനെതിരെ പഞ്ചാബിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ റോഡ് ഉപരോധിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: