പത്തനംതിട്ട : ശബരിമലയില്‍ സ്പോട് ബുക്കിംഗ് വേണ്ടെന്ന തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാകാന്‍ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് കാരണമാകുമെന്ന ആശങ്കയാണ് ജില്ലാ കമ്മിറ്റിക്കുളളത്.
ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ മാത്രമാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപിയും ആചാര സംരക്ഷണ സമിതിയും ശക്തമായ നിലപാടെടുത്തിരുന്നു. വിര്‍ച്വല്‍ ക്യൂവിലൂടെ അല്ലാതെ തന്നെ ശബരിമല ദര്‍ശനം നടത്തുമെന്നും തടഞ്ഞാല്‍ ശബരിമലയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി. സ്പോട്് ബുക്കിംഗ് വഴി ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ക്കൊപ്പം തങ്ങളുണ്ടാകുമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സ്പോട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് ശബരിമലയെ വീണ്ടും സംഘര്‍ഷഭരിതമാക്കാനുള്ള ഇടത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര് വി ബാബുകുറ്റപ്പെടുത്തി. ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്ത് വരുമെന്നും ആര് വി ബാബു അറിയിച്ചു.
നേരത്തേ പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്ത് സ്പോട് ബുക്കിംഗ് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞിരുന്നു. സ്പോട് ബുക്കിംഗ് പൂര്‍ണമായി ഒഴിവാക്കേണ്ട എന്ന് സര്‍ക്കാരിനെ അറിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഒരുങ്ങുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: