നാഗ്പൂര്‍: ആര്‍എസ്എസ് എന്നത് ഹിന്ദുസമൂഹത്തിന്റെ പവിത്രശക്തിസാധനയുടെ പേരാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിശ്വമംഗള സാധനയില്‍ സംഘം മൗനപൂജാരിയാണ്. പവിത്രമായ മാതൃഭൂമിയെ പരമവൈഭവശാലിയാക്കാനുള്ള ശക്തിയും വിജയവും നേടാന്‍ ഇതേ സാധന എല്ലാവര്‍ക്കും ചെയ്യേണ്ടതുണ്ട്. ലോകമാകെ മംഗളമുണ്ടാകുന്നതിന് എല്ലാ രാജ്യങ്ങളും ഇതേ സാധന ചെയ്യണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സഹിഷ്ണുതയും സദ്ഭാവവും ഭാരതത്തിന്റെ പാരമ്പര്യമാണെന്നും അസഹിഷ്ണുതയും ദുര്‍ഭാവനയും രാഷ്‌ട്രവിരുദ്ധവും മനുഷ്യ വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. എത്ര പ്രകോപനമുണ്ടായാലും ക്ഷോഭങ്ങള്‍ ഒഴിവാക്കി സമാജത്തെ രക്ഷിക്കണം. ഒരാളുടെ വിശ്വാസത്തെയോ പവിത്രസ്ഥാനത്തെയോ, മഹാപുരുഷരെയോ മനസാ വാചാ കര്‍മണാ അപമാനിക്കരുത്. മറ്റൊരാളില്‍ നിന്ന് ഇതുപോലൊന്ന് സംഭവിച്ചാലും നമ്മള്‍ സ്വയം നിയന്ത്രിക്കണം. എല്ലാത്തിനുമുപരിയാണ് രാഷ്‌ട്രത്തിന്റെ ഏകതയും സദ്ഭാവവും. സ്വസ്ഥവും സശക്തവുമായ സമാജിക അവസ്ഥയിലേക്കുള്ള ആദ്യ പടി വിവിധ വിഭാഗങ്ങള്‍ക്കിടയിലുള്ള ഐക്യവും പരസ്പര ധാരണയുമാണ്. ഓരോരുത്തരുടെയും ആഘോഷവേളകള്‍ എല്ലാവരുടെയും പങ്കാളിത്തം വഴി സമാജത്തിന്റെയാകെ ആഘോഷങ്ങളായി മാറണം.
വിവിധ ജാതിയിലും വര്‍ഗത്തിലും പെട്ട നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് നാടിന്റെ നന്മയ്‌ക്കായി, മുഴുവന്‍ സമൂഹത്തിന്റെയും പ്രയോജനത്തിനായി നമ്മുടെ സ്വന്തം സ്ഥലത്ത്, എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് ചിന്തിക്കണം, സര്‍സംഘചാലക് പറഞ്ഞു.
കുടുംബങ്ങളിലും സമൂഹത്തിലും പടരുന്ന പരസ്യങ്ങള്‍ക്കും വികലമായ ദൃശ്യശ്രാവ്യ സാമഗ്രികള്‍ക്കും മേല്‍ നിയമപരമായ നിയന്ത്രണം അടിയന്തരമായി ആവശ്യമാണ്. യുവതലമുറയില്‍ കാട്ടുതീ പോലെ പടരുന്ന മയക്കുമരുന്ന് ശീലം സമൂഹത്തെിന്റെ അകം പൊള്ളയാക്കുന്നു. അതുകൊണ്ട് നന്മയിലേക്ക് നയിക്കുന്ന മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. പ്രാഥമികതലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ സാംസ്‌കാരികമൂല്യങ്ങളുടെ ഉദാഹരണമാകണം. അതിന് അദ്ധ്യാപകരെ പരിശീലിപ്പിക്കാന്‍ പുതിയ സംവിധാനം ഉണ്ടാക്കണം. ജനപ്രിയവ്യക്തിത്വങ്ങള്‍ പെരുമാറ്റത്തില്‍ സംസ്‌കാരത്തെ പ്രകടിപ്പിക്കണം. സോഷ്യല്‍ മീഡിയ സമൂഹത്തെ സംസ്‌കാരസമ്പന്നമാക്കാനുള്ളതാണെന്ന് അത് ഉപയോഗിക്കുന്നവര്‍ മനസിലാക്കണം.
മാതൃവത് പരദാരേഷു എന്ന് വിശ്വസിക്കുന്ന നമ്മുടെ രാജ്യത്ത്, ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നത് മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിന്റെ ഫലമായാണ്. കൊല്‍ക്കത്ത ആര്‍.ജി. കര്‍ ആശുപത്രിയില്‍ നടന്നത് സമൂഹത്തെയാകെ കളങ്കപ്പെടുത്തുന്ന സംഭവങ്ങളിലൊന്നാണ്.
ഉപഭോഗ വാദത്തിന്റെയും മൗലികവാദത്തിന്റെയും അപൂര്‍ണമായ വൈചാരിക അടിത്തറയിലുള്ള വികസന യാത്ര മനുഷ്യരുള്‍പ്പെടെയുള്ള മുഴുവന്‍ സൃഷ്ടികളുടെയും വിനാശയാത്രയായി മാറിയിരിക്കുന്നു. പരിസ്ഥിതിക്കിണങ്ങുന്ന വികസന കാഴ്ചപ്പാട് ഓരോ വ്യക്തിയും സ്വീകരിക്കണമെന്നും സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.
സമൂഹത്തില്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ വേണ്ടിയാണ് ചില നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. നാടിന്റെയും കാലത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് അവയും മാറാം. എന്നാല്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയണമെങ്കില്‍, ആ നിയമങ്ങള്‍ ആദരവോടെ പാലിക്കേണ്ടത് അത്യാവശ്യമാണ്.നിയമങ്ങളും ചട്ടങ്ങളും അക്ഷരത്തിലും ആത്മാവിലും പാലിക്കണം. ഇത് ശരിയായി നടപ്പാക്കുന്നതിന് ഭരണഘടനയുടെ നാല് അധ്യായങ്ങളായ ആമുഖം, മാര്‍ഗദര്‍ശക തത്വങ്ങള്‍, പൗരന്റെ കടമകള്‍, പൗരാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലായിടത്തും പ്രചരിപ്പിക്കണം.
രാജ്യം എല്ലാ മേഖലകളിലും സ്വയംപര്യാപ്തമാകുമ്പോള്‍ സ്വദേശി ആചരണം എളുപ്പമുള്ളതാകും. അതിനാല്‍, ഒരു സ്വതന്ത്ര രാജ്യമെന്ന നിലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയുന്ന ഒരു നയം ഉള്‍ക്കൊള്ളണം, അതേസമയം, സ്വദേശി ആചരണം ജീവിതത്തിന്റെയും സ്വഭാവത്തിന്റെയും ഭാഗമാക്കാന്‍ സമൂഹം ശ്രമിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക