തിരുവനന്തപുരം : വേര്‍ച്വല്‍ ക്യു ഇല്ലാതെ ശബരിമലയില്‍ ഭക്തര്‍ കയറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. വീണ്ടും ശബരിമലയെ തകര്‍ക്കാന്‍ പിണറായി ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും സുരേന്ദ്രന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ശബരിമലയില്‍ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോര്‍ഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണ്.. ഇത് ശബരിമലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ്.ഇത് അംഗീകരിച്ചു തരാന്‍ ബിജെപി ഒരുക്കമല്ല. ഭക്തര്‍ക്കും ഹൈന്ദവ സംഘടനകള്‍ക്കുമൊപ്പം പാര്‍ട്ടി നിലകൊള്ളും. മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്. മറ്റ് സംസ്ഥാനങ്ങളിലെ ഭക്തര്‍ ദീര്‍ഘകാലത്തെ കാല്‍നട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെര്‍ച്ച്വല്‍ ബുക്കിംഗ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പൊലീസ് സംവിധാനത്തിലെ പിഴവാണ് കഴിഞ്ഞ വര്‍ഷം ഭക്തര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ഇത്തവണയും വേണ്ടത്ര മുന്നൊരുക്കം നടത്താന്‍ സര്‍ക്കാരും ബോര്‍ഡും തയ്യാറായിട്ടില്ല. സ്പോട്ട് ബുക്കിംഗ് ഉടന്‍ പുനസ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: