ബെയ്റൂട്ട്: മിസൈല്‍ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇസ്ലാമിക് ജിഹാദ് കമാന്‍ഡര്‍ അറേബ് എല്‍ ഷോഗയെ ഇസ്രയേല്‍ വധിച്ചു. ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയുള്ള ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഇസയേലിന്റെ വ്യോമാക്രമണം ലെബനനില്‍ ഇന്നലെയും തുടര്‍ന്നു.
വ്യാഴാഴ്ച രാത്രി നടത്തിയ വ്യോമാക്രമണത്തില്‍ 22 ഹിസ്ബുള്ള ഭീകരര്‍ കൊല്ലപ്പെടുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലെബനന് ആരോഗ്യമന്ത്രാലയമാണ് മരണവിവരം പുറത്തുവിട്ടത്.
വ്യോമാക്രമണത്തിനൊപ്പം തെക്കന്‍ ലെബനനിലെ ഹിസ്ബുള്ളയുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഈ മാസം ഒന്നുമുതല്‍ കരയാക്രമണവും ശക്തമാക്കിയിട്ടുണ്ട്. മിസൈലുകള്‍, റോക്കറ്റ് വിക്ഷേപണസ്ഥലങ്ങള്‍, നിരീക്ഷണഗോപുരങ്ങള്‍, ആയുധപ്പുരകള്‍, അതിര്‍ത്തിയിലേക്കെത്താന്‍ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന തുരങ്കങ്ങള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രയേല്‍ പറഞ്ഞു.
ആക്രമണത്തില്‍ ബുര്‍ജ് അബി ഹൈദര്‍ ഏരിയയിലെ എട്ട് നില കെട്ടിടം പൂര്‍ണമായും നിലംപൊത്തിയതായി ലെബനീസ് അധികൃതര്‍ പറഞ്ഞു. റാസ് അല്‍-നബാ, ബുര്‍ജ് അബി ഹൈദര്‍ എന്നീ പ്രദേശങ്ങളെ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ആക്രമണത്തില്‍ നിന്നും മുതിര്‍ന്ന ഹിസ്ബുള്ള കമാന്‍ഡര്‍ വഫിക് സഫ തലനാരിഴ്യ്ക്ക് രക്ഷപ്പെട്ടു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന അക്രമങ്ങളില്‍ നൂറുകണക്കിന് ഭീകരരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയെ ഒഴിവാക്കിയില്ലെങ്കില്‍ ഗാസയെ പോലെ തകര്‍ത്തു കളയുമെന്ന് ലെബനന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു.
ഇതിനിടയില്‍ മധ്യഗാസയിലെ ദെയ്റല്‍ ബലാഹില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ 28 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 54 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന. ഇതില്‍ പാലസ്തീന് ജിഹാദി കമാന്‍ഡര്‍ മുഹമ്മദ് അബ്ദുള്ളയും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: