Kerala

പിടിയിലായത് അടിമാലി സ്വദേശിയുടെ പരാതിയില്‍ മനുഷ്യക്കടത്ത്: മൂന്ന് പേര്‍ പിടിയില്‍

Published by

അടിമാലി: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് അടിമാലി പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പാങ്ങോട് പഴവിള കൊടുങ്ങന്‍ചേരി എസ്എസ് കോട്ടേജ് സജീദ് (36), കൊല്ലം കൊട്ടിയം കമ്പിവിള, തെങ്ങ് വിള മുഹമ്മദ്ഷാ (23), കൊല്ലം തഴുത്തല ഉമയനെല്ലൂര്‍ പേരയം, മുണ്ടന്റഴിക അന്‍ഷാദ് (37) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരിയില്‍ അടിമാലി കല്ലുവെട്ടിക്കുഴി ഷാജഹാനെ (33) വിയ്റ്റനാമില്‍ 80,000 രൂപ ശമ്പളത്തില്‍ ഡിടിപി ഓപ്പറേറ്ററായി ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപ വാങ്ങി വിസിറ്റിങ് വിസയില്‍ വിയറ്റ്‌നാമില്‍ എത്തിച്ചു. അവിടെ വെച്ച് ഷാജഹാനെ ചൈനാക്കാര്‍ക്ക് പ്രതികള്‍ വിറ്റു. ചൈനക്കാര്‍ ഇയാളെ വിയറ്റ്‌നാമില്‍ നിന്ന് കമ്പോഡിയയില്‍ എത്തിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ തട്ടിപ്പ് ജോലി ചെയ്യാന്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു. സമാന രീതിയില്‍ എത്തിയ മറ്റ് മലയാളികളും ഷാജഹാന്റെ ഒപ്പം ഉണ്ടായിരുന്നു തട്ടിപ്പ്.

ജോലി ചെയ്തില്ലെങ്കില്‍ മുറിയില്‍ പൂട്ടിയിടും, ശമ്പളവും നല്കില്ല. ഈ വിവരങ്ങള്‍ ഷാജഹാന്‍ വീട്ടില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ഷാജഹാന്റെ ബന്ധുക്കള്‍ അടിമാലി പോലീസില്‍ മെയ് മാസത്തില്‍ പരാതി നല്കി. തുടര്‍ന്ന് ഷാജഹാന്‍ ഭാരത എംബസിയുമായി ബന്ധപ്പെട്ട് നാട്ടില്‍ തിരിച്ചെത്തി. കേസ് മുമ്പോട്ട് കൊണ്ടുപോകാതെയിരിക്കാന്‍ ഒരു ലക്ഷം രൂപ ഷാജഹാന് നല്കി തിരികെ നാട്ടില്‍ എത്തിക്കുവാന്‍ പ്രതികള്‍ സഹായം ചെയ്തിരുന്നു. നാട്ടില്‍ എത്തിയ ഷാജഹാന്‍ ദുബായ്‌യില്‍ ജോലി ലഭിച്ചു. സമാന രീതിയിലുള്ള കേസുകള്‍ സംസ്ഥാനത്തെ മറ്റ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് ഐജിയുടെ നിര്‍ദേശപ്രകാരം അടിമാലി സിഐ പ്രിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഒന്നാം പ്രതി സജീദിനെ പാങ്ങോട് നിന്നും രണ്ടാം പ്രതി മുഹമ്മദ് ഷായെ കൊട്ടിയത്തു നിന്നും മൂന്നാം പ്രതി അന്‍ഷാദിനെ വിഴിഞ്ഞത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരില്‍ മനുഷ്യക്കടത്ത് നടത്തിയതില്‍ മറ്റ് സ്റ്റേഷനുകളിലും കേസുകള്‍ ഉണ്ട്.

പ്രതികളെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സിഐ പ്രിന്‍സ് ജോസഫ്, എഎസ്‌ഐ ഷാജി, എസ്‌സിപിഒ നിഷാദ്, സിപിഒ അജീസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by