India

നാസിക്കിലെ തപോവനത്തിൽ 70 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഈ പ്രതിമ നഗരത്തിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്ന് നാസിക് ഈസ്റ്റ് എംഎൽഎ രാഹുൽ ദിക്ലെ പറഞ്ഞു

Published by

നാസിക്: മഹാരാഷ്‌ട്രയിലെ നാസികിൽ 70 അടി ഉയരമുള്ള ശ്രീരാമന്റെ പ്രതിമ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു. നഗരത്തിലെ പഞ്ചവടി പ്രദേശത്തെ തപോവനത്തിലെ രാംസൃഷ്ടി ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചത്.

ഇസ്‌കോൺ ക്ഷേത്രമുഖ്യൻ ഗൗരംഗ് ദാസ് പ്രഭുവും പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ.വിനായക് ഗോവിൽക്കറും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

അതേ സമയം ഓഗസ്റ്റ് 26-ന് സിന്ധുദുർഗിലെ മാൽവാനിൽ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ തകർന്നതിന്റെ പശ്ചാത്തലത്തിൽ ഈ പ്രതിമയുടെ സുരക്ഷയ്‌ക്കും സ്ഥിരതയ്‌ക്കും പ്രത്യേക ശ്രദ്ധ ചെലുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

ഫൈബർ റീഇൻഫോഴ്സ്ഡ് പോളിമർ (എഫ്ആർപി) ഉപയോഗിച്ച് നിർമ്മിച്ച പ്രതിമ ആർസിസി ഘടനയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ സ്ലാബിന് 15 അടി ഉയരമുണ്ട്. 108 അടി ഉയരമുള്ള ഫ്ലാഗ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതിമ ഭക്തർക്ക് പ്രചോദനമാകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂടാതെ നഗരത്തിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുമെന്ന് നാസിക് ഈസ്റ്റ് എംഎൽഎ രാഹുൽ ദിക്ലെ പറഞ്ഞു. ഭഗവാൻ ശ്രീരാമൻ തന്റെ 14 വർഷത്തെ വനവാസത്തിന്റെ ഗണ്യമായ ഒരു ഭാഗം തപോവനത്തിൽ ചെലവഴിച്ചതായിട്ടാണ് ഐതീഹ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by