ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ തലവനായ നൈജീരിയൻ സ്വദേശി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. 17 വർഷമായി ബെംഗളൂരു സോമനാഹള്ളിയിൽ അനധികൃത താമസക്കാരനായ ഉക്കുവ്ഡിലി മിമ്രി (45) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ ഉഗാണ്ട എയർലൈൻസിൽ മുംബൈയിൽനിന്ന് ഉഗാണ്ടയിലെ എന്ഡീബിയിലേക്കും അവിടെനിന്ന് ലാഗോസിലേക്കും പുറപ്പെടാൻ ഒരുങ്ങവെയാണ് ഇയാള്‍ കേരള പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഓപറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 30 ഗ്രാം എംഡിഎംഎയുമായി കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി രാഹുലിനെ (24) പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യംചെയ്തതിലൂടെ താന്‍സാനിയ സ്വദേശി അബ്ദുൽ നാസർ അലി ഈസായി, കൂട്ടുപ്രതി സുജിത്ത് എന്നിവരെ കൂടി പോലീസ് പിടികൂടി. ഇവരുടെ അറസ്റ്റോടെയാണ് ശൃംഖലയിലെ പ്രധാനകേന്ദ്രമായ മിമ്രിയെ പിടികൂടാന്‍ കഴിഞ്ഞത്.
സ്റ്റുഡൻന്റ് വിസയിൽ 2007ല്‍ ഇന്ത്യയിലെത്തിയ ഇയാൾ മയക്കുമരുന്ന് വിപണനം കൂടാതെ വിവിധതരം ഓൺലൈൻ തട്ടിപ്പുകളിലും ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം തട്ടിയെടുത്ത കേസുകളിലും പ്രതിയാണ്. ആവശ്യക്കാരിൽനിന്ന് പണം സ്വീകരിച്ച് അജ്ഞാത കേന്ദ്രങ്ങളിൽ മയക്കുമരുന്ന് അടങ്ങിയ പൊതി വെച്ച ശേഷം ലൊക്കേഷൻ മാപ്പും സ്ക്രീൻഷോട്ടും അയച്ച് സ്ഥലംവിടുകയാണ് ഇയാളുടെ രീതി. ബെംഗളൂരു കേന്ദ്രമാക്കി ഭാര്യയുടെ പേരിൽ ഹോട്ടലും നടത്തുന്നുണ്ട്.
ബെംഗളൂരുവിലെ ഇയാളുടെ സങ്കേതം കണ്ടെത്തിയ പോലീസ് ബംഗാൾ സ്വദേശിയായ ഭാര്യയെ ചോദ്യംചെയ്തതിലൂടെയാണ് ഇയാൾ നൈജീരിയയിലേക്ക് പുറപ്പെട്ട വിവരം ലഭ്യമായത്. ഭാര്യയുടെ ഫോണില്‍നിന്ന് യാത്രാവിവരം ശേഖരിച്ച ഉടൻ പോലീസ് വിമാനത്തില്‍ മുബൈയിലേക്ക് തിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: