മൊനഗാസ്: ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ വെനസ്വേല സമനിലയില്‍ തളച്ചു. 2026 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ കോന്‍മെബോല്‍ യോഗ്യതാ മത്സരത്തില്‍ ഓരോ ഗോള്‍ നേടിയാണ് ഇരുടീമുകളും സമനിലയില്‍ പിരിഞ്ഞത്. മറ്റൊരു യോഗ്യതാ പോരാട്ടത്തില്‍ ചിലിക്കെതിരെ ഒരു ഗോളിന് പിന്നില്‍ നിന്ന ബ്രസീല്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് വിജയിച്ചു.
വെനസ്വേലയിലെ മൊനഗാസില്‍ നടന്ന കളിയില്‍ ലയണല്‍ മെസി അടക്കമുള്ളവര്‍ കളത്തിലിറങ്ങിയെങ്കിലും മികവിനൊത്ത് ഉയരാന്‍ അര്‍ജന്റീനയ്‌ക്കായില്ല. കളിയിലുടനീളം മികച്ച നീക്കങ്ങളുമായി കളം വാണ പ്രകടനം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും മൈതാനമാകെ മഴപെയ്ത് വെള്ളം കെട്ടിക്കിടന്നത് കളിയെ വല്ലാതെ ബാധിച്ചു. ഗോളെന്നുറച്ച പല അര്‍ജന്റൈന്‍ മുന്നേറ്റങ്ങളുടെയും മുനയൊടിഞ്ഞത് മഴവെള്ളത്തില്‍ കളിച്ചതുകൊണ്ടായിരുന്നു. കിട്ടിയ അവസരത്തില്‍ മികച്ച മുന്നേറ്റം കാഴ്‌ച്ചവച്ച വെനസ്വേല അപകടകരമായ നിരവധി മുന്നേറ്റങ്ങളാണ് നടത്തിയത്. വിലക്ക് കാരണം പുറത്തിരിക്കുന്ന ഗോളി എമിലിയാനോ മാര്‍ട്ടിനെസിന് പകരം വല കാക്കാനിറങ്ങിയ ജെറോനിമോ റുള്ളി മികച്ച പ്രകടനമാണ് കാഴ്‌ച്ചവച്ചത്. ആദ്യ പകുതിയില്‍ അര്‍ജന്റീനയ്‌ക്കായി പ്രതിരോധതാരം നിക്കോളാസ് ഒട്ടോമെന്‍ഡി ഗോള്‍ നേടി(13-ാം മിനിറ്റ്). ഇതിനെതിരെ രണ്ടാം പകുതിയില്‍ കളിക്ക് 65 മിനിറ്റായപ്പോഴായിരുന്നു വെനസ്വേലയുടെ മറുപടി. മികച്ച നീക്കത്തിനൊടുവില്‍ സലോമോന്‍ റോണ്ടന്‍ ഹെഡ്ഡറിലൂടെയാണ് അര്‍ജന്റീന വലകുലുക്കിയത്.
ബ്രസീല്‍-ചിലി പോരാട്ടം തീര്‍ത്തും വിരസമായാണ് മുന്നേറിയത്. ബ്രസീലിന്റെ ഭാഗത്ത് നിന്നും കണ്ട മികച്ച നീക്കം അവസാന നിമിഷം ലൂയിസ് ഹെന്റിക്വെ നേടിയ വിജയഗോളായിരുന്നു. ബോക്‌സിന് പുറത്ത് നിന്നും ഒരുതാരത്തെ വെട്ടിച്ച് മുന്നോട്ട് കടന്ന് പ്രതിരോധ വേലികള്‍ക്കിടയിലൂടെ മികച്ചൊരു ഇടംകാലന്‍ ഷോട്ടില്‍ പന്ത് വലയില്‍ കയറി. കളിയുടെ രണ്ടാം മിനിറ്റില്‍ എഡ്വാര്‍ഡോ വാര്‍ഗസ് നേടിയ ഗോളില്‍ ചിലി ലീഡ് ചെയ്തു. ഇതിനെതിരെ ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഇഗോര്‍ ജെസ്യൂസ് ബ്രസീലിന് സമനില നേടിക്കൊടുത്തു.
പട്ടികയില്‍ ഇപ്പോഴും മുന്നില്‍ 19 പോയിന്റുള്ള അര്‍ജന്റീനയാണ്. ജയത്തോടെ 13 പോയിന്റ് നേടിയ ബ്രസീല്‍ നാലാം സ്ഥാനത്തുണ്ട്. 16 പോയിന്റുള്ള കൊളംബിയ ഇന്നലെ ബൊളീവിയയോട് തോറ്റത് തിരിച്ചടിയായി. രണ്ടാം സ്ഥാനത്തുള്ള കൊളംബിയയ്‌ക്ക് തൊട്ടുപിന്നില്‍ ഉറുഗ്വേ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക