World

‘ഇന്ത്യയിൽ ഒരു അമുസ്ലിം പോലും ഇങ്ങനെ ചെയ്യില്ല ‘; പാകിസ്ഥാൻ അധിക ലഗേജിന് പണം ഈടാക്കിയതിന് സാക്കിര്‍ നായിക്കിന്റെ വിമര്‍ശനം

Published by

ഇസ്ലാമബാദ്: പാകിസ്ഥാനിലേക്കുള്ള യാത്രയ്‌ക്കിടെ അധിക ലഗേജിനുള്ള ചാര്‍ജ് ഒഴിവാക്കാന്‍ തയ്യാറാകാതിരുന്ന പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനെതിരെ (പിഐഎ) രൂക്ഷ വിമര്‍ശനവുമായി തീവ്ര ഇസ്ലാം മതപ്രഭാഷകനായ സാക്കിര്‍ നായിക് ). ലഗേജിനുള്ള ചാര്‍ജിന് 50 ശതമാനം ഡിസ്‌കൗണ്ട് എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സാക്കിര്‍ നായിക് ഇത് നിരസിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ഇന്ത്യയേയും പാകിസ്ഥാനേയും താരതമ്യം ചെയ്ത് സംസാരിച്ചു. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

’’ ഞാന്‍ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ സിഇഒയുമായി സംസാരിച്ചിരുന്നു. എനിക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്തുതരാം എന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ആറുപേരടങ്ങുന്ന സംഘമാണ് യാത്ര പുറപ്പെട്ടത്. ഒരു 500-600കിലോഗ്രാം അധിക ലഗേജ് ഉണ്ടായിരുന്നു. എന്നാല്‍ ലഗേജ് ചാര്‍ജിന് 50 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതുവേണ്ട. എനിക്ക് 100 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലായിരുന്നുവെങ്കില്‍ അമുസ്ലീം ആയ ഉദ്യോഗസ്ഥര്‍ വരെ സൗജന്യമായി എന്നെ പോകാന്‍ അനുവദിക്കും,’’ സാക്കിര്‍ നായിക് പറഞ്ഞു.

ഈ സര്‍ക്കാരിന്റെ അതിഥിയായി എത്തിയതാണ് ഞാന്‍. അക്കാര്യം എന്റെ വിസയിലും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ പിഐഎയുടെ സിഇഒ പറയുന്നു ലഗേജിന് 50 ശതമാനം ഡിസ്‌കൗണ്ട് തരാമെന്ന്. ഇവര്‍ വലിയ തുകയാണ് ഈടാക്കുന്നത്. എനിക്ക് നിങ്ങളുടെ ഡിസ്‌കൗണ്ട് വേണ്ട. ഇവിടേക്ക് വന്നതില്‍ ഞാനിന്ന് ഖേദിക്കുന്നു,’’ സാക്കിര്‍ നായിക് പറഞ്ഞു.

നിലവില്‍ മലേഷ്യയില്‍ താമസിക്കുന്ന സാക്കിര്‍ നായിക് ഒരുമാസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായാണ് കഴിഞ്ഞയാഴ്ച പാകിസ്ഥാനിലെത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക