സ്റ്റോക്ഹോം: ഇത്തവണത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള എഴുത്തിനാണ് പുരസ്കാരം. ദക്ഷിണ കൊറിയയിലേക്കെത്തുന്ന ചരിത്രത്തിലെ ആദ്യത്തെ സാഹിത്യ നൊബേല്‍ ആണ് ഹാന്‍ കാങ്ങിന്റേത്.
ശരീരവും ആത്മാവും ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ഹാന്കാങ്ങിന് അവബോധമുണ്ട്. അവരുടെ കാവ്യാത്മകവും പരീക്ഷണാത്മകവുമായ രചനാ ശൈലി സമകാലീന ഗദ്യത്തിലെ പുതുമയാണെന്ന് നൊബേല്‍ പുരസ്കാര സമിതി അറിയിച്ചു. സാള് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് അദ്ധ്യാപികയാണ് ഹാന്‍.
ഹാനിലൂടെ തന്നെയാണ് മാന്‍ബുക്കര്‍ പുരസ്കാരവും ദക്ഷിണകൊറിയയിലേക്ക് ആദ്യമായി എത്തുന്നത്. ഹാന്‍ കാങ്ങിന്റെ ‘ദി വെജിറ്റേറിയന്‍’ എന്ന കൃതിക്ക് 2016ലാണ് മാന്‍ബുക്കര്‍ പുരസ്കാരം ലഭിച്ചത്. കുടുംബത്താല്‍ അവഗണിക്കപ്പെട്ട് മനോരോഗിയായി പരിത്യക്തയാവുന്ന യുവതിയുടെ കഥയാണ് ദ് വെജിറ്റേറിയന്റെ ഇതിവൃത്തം. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റപ്പെട്ട ഹാനിന്റെ ആദ്യനോവലാണ് ഇത്.
ടുഡേയ്സ് യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്കാരങ്ങള്‍ ഹാങ് നേടിയിട്ടുണ്ട്. ഹാന്‍ സംഗീതജ്ഞയും കലാകാരിയും കൂടിയാണ്. ദക്ഷിണ കൊറിയന്‍ നോവലിസ്റ്റ് ഹാന്‍ സെങ് വോണിന്റെ മകളാണ്. 1970 നവംബര്‍ 27ന് ദക്ഷിണകൊറിയയിലെ ഗ്വാങ്ജുവില്‍ ജനനം.
1993ല്‍ ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റിയുടെ വിന്റര്‍ ലക്കത്തിലാണ് ആദ്യമായി കവിതകള്‍ പ്രസിദ്ധീകരിച്ചത്.
ഫ്രൂട്ട്സ് ഓഫ് മൈ വുമണ്‍, ദി ബ്ലാക്ക് ഡിയര്‍, യുവര്‍ കോള്‍ഡ് ഹാന്‍ഡ്, ബ്രീത്ത് ഫൈറ്റിങ്, ഗ്രീക്ക് ലസണ്‍സ് തുടങ്ങിയവയാണ് ഹാങ്ങിന്റെ പ്രധാന കൃതികള്‍. സഹോദരന് തൂംലിം (ഇംഗ്ലീഷ് ഉച്ചാരണം ഡോങ് റിം) ശ്രദ്ധേയനായ കൊറിയന്‍ എഴുത്തുകാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: