തിരുവനന്തപുരം: മലപ്പുറം ദേശ വിരുദ്ധ പരാമര്‍ശത്തിലെ വിവരങ്ങള്‍ ആരാഞ്ഞതിനെ മുഖ്യമന്ത്രി പിണറായി വിജയന് ചോദ്യം ചെയ്തതിനെതിരേ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന സൂചനയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
മുഖ്യമന്ത്രിയുടെ ദേശ വിരുദ്ധ പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍. രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തിയെന്നും മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങളെക്കുറിച്ചുള്ള വിവരം ആരാഞ്ഞ് അയച്ച കത്തിന് 20 ദിവസം കഴിഞ്ഞാണ് മറുപടി നല്‍കിയത്. സ്വര്‍ണക്കടത്ത് തടയേണ്ടത് കസ്റ്റംസ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കസ്റ്റംസ് നടപടികളില്‍ പോരായ്മയുണ്ടെങ്കില്‍ എന്തുകൊണ്ട് മുമ്പ് ഇക്കാര്യം അറിയിച്ചില്ലെന്നും രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുമ്പോള്‍ ഗവര്‍ണറെ അറിയിക്കേണ്ടേയെന്നും അദ്ദേഹം ചോദിച്ചു.
ഗുരുതരമായ കുറ്റകൃത്യമാണ് നടക്കുന്നത്. റിപ്പോര്‍ട്ട് നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. മുഖ്യമന്ത്രി എല്ലാ വിവരങ്ങളും തന്നാല്‍ അതും രാഷ്ട്രപതിയെ അറിയിക്കും. അത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി. ചീഫ് സെക്രട്ടറിയെ വിശദീകരണം തേടുന്നതിനായി ഗവര്‍ണര്‍ വിളിപ്പിച്ചാല്‍ എന്താണ് കുഴപ്പം. മുഖ്യമന്ത്രി മറുപടി തന്നില്ലെങ്കില്‍ ചീഫ് സെക്രട്ടറിയോട് അല്ലാതെ മറ്റാരോട് ചോദിക്കും. എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്നും അഭിമുഖത്തിലെ പരാമര്‍ശം മുഖ്യമന്ത്രി പറഞ്ഞതല്ലെങ്കില്‍ എന്തുകൊണ്ട് പത്രത്തിനെതിരേ നടപടിയില്ലെന്നും ഗവര്‍ണര്‍ ചോദിച്ചു.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരും രാജ്ഭവനില്‍ വരും. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനായി കഴിഞ്ഞയാഴ്ച ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും രാജ്ഭവനില്‍ വന്നുകണ്ടിരുന്നു. അങ്ങനെ വരുമ്പോള്‍ പ്രശ്നമില്ലേ. എന്നാല്‍ താന്‍ വിളിപ്പിക്കുമ്പോള്‍ മാത്രം എന്താണ് പ്രശ്നമെന്നും ഗവര്‍ണര്‍ ചോദിച്ചു.
അതേ സമയം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ നടത്തിയ പ്രസ്താവനക്കെതിരേ വാര്‍ത്താക്കുറിപ്പ് ഇറക്കി പോലീസും രംഗത്തെത്തി.
സ്വര്‍ണക്കടത്തിലൂടെ നേടിയ പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നുവെന്ന് പോലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവര്‍ണറുടെ പ്രസ്താവനക്കെതിരേയാണ് വാര്‍ത്താക്കുറിപ്പിറക്കിയത്. അത്തരമൊരു വിവരം കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഗവര്‍ണറുടെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിശദീകരണം. ഇതുവരെ പിടിച്ച സ്വര്‍ണ, ഹവാല ഇടപാടുകളുടെ വിവരങ്ങളാണ് സൈറ്റിലുളളതെന്നും ഏതെങ്കിലും വ്യക്തി ഈ പണം ഉപയോഗിച്ചതായി സൈറ്റിലില്ലെന്നും പോലീസ് വിശദീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: