ന്യൂഡൽഹി ; പലസ്തീൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഹിസ്ബ്-ഉത്-തഹ്രീറിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമൂഹമാദ്ധ്യമത്തിൽ ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര സുരക്ഷയ്‌ക്കും ജനാധിപത്യത്തിനും സംഘടന ഭീഷണിയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) ഒന്നാം ഷെഡ്യൂളിലാണ് സംഘടനയെ ഉൾപ്പെടുത്തിയത്. ഇതോടെ ഈ പട്ടികയിലുള്ള ഭീകരസംഘടനകളുടെ എണ്ണം 45 ആയി.
ഹിസ്ബുത്തഹ്‌രീർ തമിഴ്നാട്ടിൽ വൻ തോതിൽ അംഗങ്ങളെ ചേർക്കാൻ ശ്രമിച്ചെന്ന റിപ്പോർട്ടിനെ തുടർന്ന് ജൂലൈയിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാപക പരിശോധന നടത്തിയിരുന്നു. ഹിസ്ബുത്തഹ്‌രീറിന്റെ നേതാവ് അസീസ് അഹമ്മദ് അടക്കമുള്ളവരെ എൻഐഎ ഒരു അറസ്റ്റ് ചെയ്തിരുന്നു.
ജിഹാദിലൂടെയും തീവ്രവാദത്തിലൂടെയും ഇന്ത്യയേയും ഇസ്ലാമിക് രാഷ്‌ട്രമാക്കാനാണ് എച്ച്.യു.ടി. ലക്ഷ്യമിടുന്നത് എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. 1953-ല്‍ ജറുസലേമില്‍ ജന്മംകൊണ്ടതാണ് എച്ച്.യു.ടി. .എച്ച്.യു.ടി.യുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചിതില്‍നിന്നും ഈ സംഘടന ഇന്ത്യയുടെ പരമാധികാരത്തെയും രാജ്യസുരക്ഷയേയുമടക്കം ദോഷകരമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എച്ച്.യു.ടി. പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്നു, അമിത് ഷാ തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: