വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയെ അനുസ്മരിച്ച് നടന്‍ കമല്‍ ഹാസന്‍. താന്‍ ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാളാണ് രത്തന്‍ ടാറ്റയെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. 2008ല്‍ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വച്ച് രത്തന്‍ ടാറ്റയെ കണ്ട കാര്യവും നടന്‍ ഓര്‍ത്തെടുക്കുന്നുണ്ട്.
”രത്തന്‍ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചയാള്‍. രാഷ്‌ട്രനിര്‍മാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകള്‍ ആധുനിക ഇന്ത്യയുടെ കഥയില്‍ എക്കാലവും പതിഞ്ഞുകിടക്കും. അദ്ദേഹം ഒരു ദേശീയ നിധിയാണ്. അദ്ദേഹത്തിന്റെ യഥാര്‍ഥ സമ്പത്ത് ഭൗതികമായ സമ്പത്തല്ല, മറിച്ച് ധാര്‍മികതയും വിനയവും രാജ്യസ്നേഹവുമാണ്.”
”2008ല്‍ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വച്ച് അദ്ദേഹത്തെ കണ്ടിരുന്നു. രാജ്യം പ്രതിസന്ധിയിലായിരിക്കുന്ന ആ ഘട്ടത്തില്‍ അദ്ദേഹം തലയുയര്‍ത്തി നിന്നു. ഒരു രാഷ്‌ട്രമെന്ന നിലയില്‍ പുനര്‍നിര്‍മിക്കാനും കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരാനുമുള്ള ഇന്ത്യയുടെ താത്പര്യത്തിന്റെ ആള്‍രൂപമായി” എന്നാണ് കമല്‍ ഹാസന്‍ പറയുന്നത്.
അതേസമയം, 2008ലെ മുംബൈ ഭീകരാക്രമണത്തില്‍ താജ് ഹോട്ടലിന്റെ ഒരു ഭാഗം കത്തിയമരുകയും കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. ആക്രമണം നടന്ന ദിവസത്തിന് ശേഷം ഭീകരാക്രമണത്തിനെതിരെയുള്ള നിത്യസ്മാരകമാക്കി താജിനെ പുനരുജ്ജീവിപ്പിക്കുമെന്ന പറഞ്ഞ രത്തന്‍ ടാറ്റ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവര്‍ക്ക് വൈദ്യസഹായവും ജീവനക്കാര്‍ക്കും താത്കാലിക പാര്‍പ്പിടം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: