ലാഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നും രണ്ട് ഹിന്ദു വ്യവസായികളെ ഗുണ്ടാസംഘങ്ങൾ തട്ടിക്കൊണ്ട് പോയി. തങ്ങളുടെ കൂട്ടാളികളെ പോലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു.
പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമായ ലാഹോറിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള റഹീം യാർ ഖാനിലാണ് സംഭവം. ഹിന്ദു വ്യാപാരികളായ ഷമീർ ജീ, ധീമ ജീ എന്നിവരെ കഴിഞ്ഞ ദിവസമാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇവരുടെ മോചനത്തിനായി കൂട്ടാളികളെ വിട്ടയക്കണമെന്ന് അക്രമികൾ ആവശ്യപ്പെട്ടുവെന്ന് മുതിർന്ന പോലീസ് ഓഫീസർ റിസ്വാൻ ഗോണ്ടൽ പറഞ്ഞു.
തലയ്‌ക്ക് 10 ദശലക്ഷം പാകിസ്ഥാൻ രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്ന കാബൂൾ സുഖന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് ഹിന്ദു വ്യാപാരികളെ തട്ടിക്കൊണ്ടുപോയതെന്ന് അദ്ദേഹം പറഞ്ഞു. തട്ടിക്കൊണ്ടുപോയ ഹിന്ദുക്കളെയും അടുത്തിടെ തട്ടിക്കൊണ്ടുപോയ മറ്റ് അഞ്ച് പേരെയും വീണ്ടെടുക്കാൻ ഒരു പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള തങ്ങളുടെ കൂട്ടാളികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുവിന്റെയും മറ്റ് ബന്ദികളുടെ വീഡിയോയും ഗുണ്ടാസംഘം പുറത്തുവിട്ടിട്ടുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ബന്ദികളാക്കിയവരെ കൊല്ലുമെന്ന് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം റഹീം യാർഖാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡൻ്റ് ഇഖ്ബാൽ ഹാഫിസ് ജില്ലയിൽ തട്ടിക്കൊണ്ടുപോകൽ കേസുകൾ അതിവേഗം വർധിക്കുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. വ്യാപാരികൾക്കും വ്യവസായികൾക്കും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ വർധിച്ചതിനെത്തുടർന്ന് നിരവധി വ്യവസായികൾ ജില്ല വിട്ടുപോയിയെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റിൽ റഹീം യാർ ഖാനിൽ കൊള്ളക്കാരുടെ ആക്രമണത്തിൽ 12 പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. റഹീം യാർ ഖാന്റെ നദീതീരമായ മച്ച്‌ക ഏരിയയിലെ പ്രതിവാര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് പോലീസ് വാഹനങ്ങളിലൊന്നിന് തകരാർ സംഭവിച്ചു.
തുടർന്ന് കൊള്ളക്കാർ റോക്കറ്റ് ആക്രമണം നടത്തി. 12 പോലീസുകാർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: