ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) രണ്ട് ആണവ-പവേർഡ് കൺവെൻഷണൽ സ്ട്രൈക്ക് അന്തർവാഹിനികളുടെ (എസ്എസ്എൻ) നിർമ്മാണത്തിനും യുഎസ് ആസ്ഥാനമായ ജനറൽ അറ്റോമിക്സിൽ നിന്ന് 31 പ്രിഡേറ്റർ മിസൈൽ ഫയറിംഗ് ഡ്രോണുകൾ വാങ്ങുന്നതിനുമുള്ള രണ്ട് പ്രധാന കരാറുകൾക്ക് അംഗീകാരം നൽകി.
രണ്ട് ആണവ അന്തര്‍വാഹിനികള്‍ ആഭ്യന്തരമായി നിര്‍മ്മിക്കും, ഇതിന് 40,000 കോടിയിലധികം ബജറ്റ് ചെലവ് വരും. വിശാഖപട്ടണത്തെ ഷിപ്പ് ബില്‍ഡിംഗ് സെന്ററില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഇന്ത്യന്‍ സ്വകാര്യ മേഖലയെ ഉള്‍പ്പെടുത്തിയുള്ളതായിരിക്കും. ഇത് പ്രതിരോധ വ്യവസായത്തിന്റെ സ്വദേശിവല്‍ക്കരണത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ഒരു പ്രധാന ചുവടുവെപ്പായിരിക്കും.
നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ വാങ്ങുന്നത്. 80,000 കോടി രൂപയുടേതാണ് കരാർ. വിശാഖപട്ടണത്തെ ഷിപ്പ് ബിൽഡിങ് സെന്ററിൽ രണ്ട് അന്തർവാഹിനികൾ നിർമ്മിക്കുന്നതിന് ഏകദേശം 45,000 കോടി രൂപ ചിലവ് വരും. അമേരിക്കൻ ജനറൽ അറ്റോമിക്സിൽ നിന്നാണ് 31 ഡ്രോൺ വാങ്ങിക്കുന്നത്. ഇതിനായി ഇന്ത്യയും യു.എസും കരാർ ഒപ്പുവെക്കും. കരാർ ഒപ്പുവെച്ച് നാലുവർഷത്തിനു ശേഷമാകും ഡ്രോണുകളുടെ വിതരണം ആരംഭിക്കുക.
31 ഡ്രോണുകളിൽ നാവികസേനയ്‌ക്ക് 15 എണ്ണവും കരസേനയ്‌ക്കും വ്യോമസേനയ്‌ക്കും എട്ട് വീതവുമായിരിക്കും ലഭിക്കുക. ഉത്തർപ്രദേശിൽ കര, വ്യോമ സേനകൾ ചേർന്ന് ഡ്രോണുകൾക്കായി ബേസ് സ്റ്റേഷൻ ഒരുക്കും. അതേസമയം നാവികസേന അവരുടെ ഡ്രോണുകൾ ഐഎൻഎസ് രാജാലിയിൽ സ്ഥാപിക്കും, അവിടെ നിലവിൽ പാട്ടത്തിനെടുത്ത പ്രിഡേറ്റർ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ജനറൽ അറ്റോമിക്സ് നിർമിച്ച അമേരിക്കൻ ആളില്ലാവിമാനമാണ് പ്രിഡേറ്റർ ഡ്രോൺ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: