ന്യൂദല്‍ഹി: ഹരിയാന, ജമ്മുകശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇന്‍ഡി മുന്നണിയിലെ വിവിധ കക്ഷികള്‍ രംഗത്ത്. അമിത ആത്മവിശ്വാസവും അഹങ്കാരവും പ്രാദേശിക പാര്‍ട്ടികളോട് ബഹുമാനമില്ലാത്തതുമാണ് കോണ്‍ഗ്രസിന്റെ ഈ അവസ്ഥയ്‌ക്ക് കാരണമെന്ന് വിവിധ കക്ഷി നേതാക്കള്‍ തുറന്നടിച്ചു.
തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന് 24 മണിക്കൂര്‍ തികയും മുമ്പാണ് ശിവസേന, സമാജ് വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയുടെ വിമര്‍ശനത്തിന് കോണ്‍ഗ്രസ് ഇരയായത്.
ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തില്‍ നിന്ന് നിശിതവും രൂക്ഷവുമായ വിമര്‍ശനമാണ് കോണ്‍ഗ്രസിനു നേരെയുണ്ടായത്. ആപ് പോലുള്ള സഖ്യകക്ഷികളെ ഉള്‍ക്കൊള്ളുന്നതിനോ, പ്രാദേശിക നേതാക്കളുടെ തെറ്റുകള്‍ തിരുത്തുന്നതിലോ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസിന് ശക്തി കുറഞ്ഞ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ ഉള്‍ക്കൊള്ളാന്‍ തയാറാവുന്നില്ലെന്ന് തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ പറഞ്ഞു.
ആപ് രാജ്യസഭാ എംപി രാഘവ് ഛദ്ദ എക്സിലൂടെയാണ് കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ചത്. ഇന്ന് അവരും തങ്ങളെ വിട്ടുപോയതില്‍ ഖേദിക്കുന്നുണ്ടാവും, ഒരുമിച്ചു നടന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നെന്നാണ് രാഘവ് ഛദ്ദയുടെ കുറിപ്പ്. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ആര്‍ജെഡി ദേശീയ വക്താവ് പ്രൊഫ. സുബോധ് മേത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: