കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം വീണ്ടും പുകയുന്നു. വൈദിക വിദ്യാര്‍ഥികള്‍ക്ക് പട്ടം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജനാഭിമുഖ കുര്‍ബാനാനുകൂലികളോട് അനുഭാവമുളള കൂരിയ അംഗങ്ങളെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂര്‍ പുറത്താക്കി.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ഭൂമി ഇടപാട് ആരോപണങ്ങളില്‍ തെളിവു നശിപ്പിക്കാനാണ് കൂരിയ പുനസംഘടനയെന്ന് വിമത വിഭാഗം ആരോപണമുയര്‍ത്തി.ഭൂമി വില്പന വിവാദത്തെ തുടര്‍ന്ന് നേരത്തെ ഒഴിവാക്കിയിരുന്ന ഔദ്യോഗിക പക്ഷത്തെ ഫാദര്‍ ജോഷി പുതുവ ഉള്‍പ്പെടെയുളളവര്‍ക്ക് അതിരൂപത ഭരണസമിതിയായ കൂരിയയില്‍ പ്രധാന ചുമതലകള്‍ നല്‍കിക്കൊണ്ടാണ് പുനസംഘടന. കെസിബിസിയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാദര്‍ ജേക്കബ് ജി പാലക്കാപ്പിളളിയാണ് പുതിയ വികാരി ജനറല്‍.
വൈദിക പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് വൈദിക പട്ടം നല്‍കുന്നതിലെ തര്‍ക്കമാണ് സിറോ മലബാര്‍ സഭയില്‍ വീണ്ടും ഭിന്നതയ്ക്ക് വഴിവച്ചത്. ഏകീകൃത കുര്‍ബാന മാത്രമേ ചൊല്ലൂ എന്ന് സമ്മതപത്രം നല്‍കണമെന്ന് വൈദിക വിദ്യാര്‍ഥികളോട് സഭ നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നാണ് മറുപക്ഷം പറയുന്നത്.
കൂരിയ പുനസംഘടനയിലെ അതൃപ്തി അറിയിക്കാന്‍ ബിഷപ് ഹൗസിലെത്തിയ വിമത വിഭാഗം വൈദികരെയും വിശ്വാസികളെയും കാണാന്‍ അഡ്മിനിസ്ട്രേറ്റര്‍ തയാറായില്ല. കനത്ത പൊലീസ് സുരക്ഷയിലാണ് ബിഷപ് ഹൗസുളളത്. അതേസമയം കൂടുതല്‍ വിശ്വാസികളെ അണിനിരത്തി കൂടുതല്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുളള തീരുമാനത്തിലാണ് ജനാഭിമുഖ കുര്‍ബാന അനുകൂലിക്കുന്നവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: