കോട്ടയം: ക്ഷീണകാലമാണെന്ന് കണ്ടതോടെ സര്‍വ്വ ഞാഞ്ഞൂലുകളും തങ്ങളുടെ പുറത്ത് കയറി മേയുകയാണല്ലോ ദൈവമേ എന്നാണ് ഇപ്പോള്‍ സിപിഎമ്മിന്റെ മനസ്സിലിരിപ്പ്. പ്രതിപക്ഷത്തുനിന്നും സ്വന്തം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന പ്രതിരോധങ്ങള്‍ക്ക് പുറമേ ഘടകകക്ഷികളും സിപിഎമ്മിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. തങ്ങള്‍ പാലു കൊടുത്തു വളര്‍ത്തിയ പി വി അന്‍വര്‍ തിരിഞ്ഞു കൊത്തിയതിന് പിന്നാലെ എഡിജിപി വിഷയത്തില്‍ സിപിഐ ഉയര്‍ത്തിയ സമ്മര്‍ദ്ദം കുറച്ചൊന്നുമല്ല. സിപിഐയെ ആശ്വസിപ്പിക്കാനാണ് എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും നീക്കിയത്. എന്നിട്ടും മുറുമുറുപ്പുമായി നില്‍ക്കുകയാണ് അവര്‍. നിയമസഭയില്‍ പോലും മുന്നണിയെ തള്ളിപ്പറയാന്‍ സിപിഐ തയ്യാറായി. എന്സിപിയിലാണെങ്കില് മന്ത്രിമാറ്റ ആവശ്യവുമായി നിരന്തരം നേതാക്കള്‍ കയറിയിറങ്ങുകയാണ്. വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് മുഖ്യമന്ത്രിയും സിപിഎമ്മും.
അതിനിടയിലാണ് ഇടതുമുന്നണിയില്‍ കടുത്ത അവഗണനയാണ് നേരിടുന്നതെന്ന ആക്ഷേപവുമായി ആര്‍ജെഡി രംഗത്തിറങ്ങിയിരിക്കുന്നത് . തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ തനിയെ മത്സരിക്കുമെന്ന് ഭീഷണിയാണ് അവര്‍ ഉയര്‍ത്തുന്നത്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫില്‍ എത്തിയതിന്റെ പ്രയോജനം സിപിഎമ്മിനും സിപിഐക്കും മാത്രമേ ലഭിച്ചുള്ളൂയെന്നും മറ്റുകക്ഷികള്‍ക്ക് നഷ്ടമാണ് ഉണ്ടായതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. സിപിഎമ്മിനും സിപിഐക്കും കേരള കോണ്‍ഗ്രസിനും സ്വാധീനമില്ലാത്ത ഇടങ്ങളില്‍ മറ്റു ഘടകകക്ഷികളെ പരിഗണിക്കാതെ സ്വതന്ത്രരെ പാര്‍ട്ടി വേഷത്തില്‍ നിര്‍ത്താനാണ് ശ്രമമെന്നും ഇത് അനുവദിക്കില്ലെന്നുമാണ് ആര്‍ജെഡിയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: