India

രാഹുല്‍ ഗാന്ധീ, ജിലേബി ഫാക്ടറിയിലൊന്നും ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല, ജിലേബി എണ്ണയില്‍ പൊരിച്ചെടുക്കുന്ന പലഹാരമാണ്…

ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാഥുറാമിന്‍റെ ജിലേബി ഫാക്ടറി സ്ഥാപിച്ചുകൊടുക്കുമെന്നും എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ രാഹുല്‍ ഗാന്ധി വാചകമടിച്ചു. മാഥുറാം ജിലേബി ഫാക്ടറിയില്‍ പതിനായിരം, ഇരുപതിനായിരം, അമ്പതിനായിരം യുവാക്കള്‍ക്ക് ജോലി കൊടുക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു.

Published by

ന്യൂദല്‍ഹി: മോദിയുടെ മന്‍ കീ ബാത്ത് ശൈലി കടമെടുക്കാന്‍ ശ്രമിച്ച രാഹുല്‍ ഗാന്ധിയ്‌ക്ക് ഇപ്പോഴത് തേച്ചാലും മാച്ചാലും കളയാന്‍ പറ്റാത്ത കളങ്കമായി മാറിയിരിക്കുന്നു. ഹരിയാനയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ സിങ്ങ് ഹൂഡ രാഹുല്‍ ഗാന്ധിയ്‌ക്ക് ഒരു പെട്ടി ജിലേബി സമ്മാനമായി നല്‍കിയത്. മാഥുറാം എന്ന കടയിലെ പേരുകേട്ട ജിലേബിയായിരുന്നു ഇത്.

ജിലേബി രുചിച്ചുനോക്കിയ രാഹുല്‍ ഗാന്ധിയ്‌ക്ക് ഇഷ്ടമായി. ഉടനെ മോദിയുടെ മന്‍ കീ ബാത്ത് ശൈലി അനുകരിക്കാന്‍ രാഹുല്‍ ഒരു ശ്രമം നടത്തി. കാക്ക കുളിച്ചാല്‍ പക്ഷെ കൊക്കാകില്ലല്ലോ. ഇത്രയും രുചികരമായ ജിലേബി തന്റെ 54 വര്‍ഷത്തെ ജീവിതത്തില്‍ ഇതുവരെയും കഴിച്ചിട്ടില്ലെന്നും ഈ മാഥുറാം ജിലേബിക്കട ലോകത്ത് എല്ലായിടത്തും തുറക്കണമെന്നും അത് ഒരു ഫാക്ടറിയായി തുടങ്ങിയാല്‍ കൂടുതല്‍ ജിലേബി വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാമെന്നും ഇത് ആഗോളാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യാമെന്നും അതുവഴി ധാരാളം യുവാക്കള്‍ക്ക് ജോലി നല്‍കാമെന്നും ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മാഥുറാമിന്റെ ജിലേബി ഫാക്ടറി സ്ഥാപിച്ചുകൊടുക്കുമെന്നും എല്ലാം തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ രാഹുല്‍ ഗാന്ധി വാചകമടിച്ചു. മാഥുറാം ജിലേബി ഫാക്ടറിയില്‍ പതിനായിരം, ഇരുപതിനായിരം, അമ്പതിനായിരം യുവാക്കള്‍ക്ക് ജോലി കൊടുക്കാന്‍ കഴിയുമെന്നും രാഹുല്‍ ഗാന്ധി പ്രസംഗിച്ചിരുന്നു.

ലോകമാകെ മാഥുറാം ജിലേബി ഫാക്ടറി സ്ഥാപിക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വാദം. മാത്രമല്ല, ജിലേബി തന്റെ സഹോദരി പ്രിയങ്ക ഗാന്ധിയ്‌ക്ക് വളരെ ഇഷ്ടമാണെന്നും ഉടനെ താന്‍ മാഥുറാമിന്റെ ജിലേബി പ്രിയങ്കയ്‌ക്ക് അയച്ചുകൊടുക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതോടെ ബിജെപി ഈ മലര്‍പ്പൊടിക്കാരന്റെ സ്വപ്നത്തെ ട്രോളാക്കി മാറ്റുകയും ചെയ്തു. പിന്നീടും പല യോഗങ്ങളിലും രാഹുല്‍ ഗാന്ധി ഹരിയാനയിലെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള ഒരു സംരംഭം എന്ന നിലയില്‍ ജിലേബി വിഷയം കൂടെക്കൂടെ എടുത്തിടുകയും ചെയ്തു. ബിജെപി ഉടനെ ജിലേബി ട്രോളുകള്‍ ഇറക്കാനും തുടങ്ങി. ഹരിയാന തെരഞ്ഞെടുപ്പില്‍ രാവിലെ കോണ്‍ഗ്രസ് മുന്നില്‍ നിന്നപ്പോള്‍ കോണ്‍ഗ്രസുകാര്‍ ജിലേബി കൈമാറിയാണ് വിജയം ആഘോഷിച്ച് തുടങ്ങിയത്. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞതോടെ ഇത് തിരിച്ചടിച്ചു. ഇതോടെ ബിജെപിക്കാരാണ് രാഹുല്‍ ഗാന്ധിയെ ട്രോളി ജിലേബി വിതരണം ചെയ്തത്. മാത്രമല്ല, എക്സ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ജിലേബി എന്ന വാക്ക് ട്രെന്‍ഡായിരുന്നു. ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ മുതല്‍ പലരുടെയും ജിലേബി കഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടിയിരുന്നു.

ഒരു കിലോ ജിലേബി രാഹുൽ ​ഗാന്ധിയുടെ വസതിയിലേയ്‌ക്ക് ഓർഡർ ചെയ്താണ് ബിജെപി ഹരിയാനയിലെ വിജയം ആഘോഷമാക്കിയത്. ക്യാഷ് ഓൺ ഡെലിവറി ആയാണ് ജിലേബി അയച്ചത്. അക്ബർ റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലേയ്‌ക്ക് കൊണാട്ട് പ്ലേസിലെ ബികാനെർവാലയിൽ നിന്നാണ് ജിലേബി ഓർഡർ ചെയ്തത്.

സ്വി​​ഗ്​ഗിയിൽ നൽകിയ ഓർഡറിന്റെ സ്ക്രീൻഷോട്ട് ഹരിയാന ബിജെപി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഹരിയാനയിലെ എല്ലാ ബിജെപി പ്രവ‍ർത്തകരെയും പ്രതിനിധീകരിച്ചാണ് രാഹുലിന്റെ വസതിയിലേയ്‌ക്ക് ജിലേബി അയക്കുന്നത് എന്ന കുറിപ്പും സ്ക്രീൻഷോട്ടിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓ‍ർഡർ അനുസരിച്ചുള്ള വിഭവം തയ്യാറാക്കുകയാണെന്നും ക്യാഷ് ഓൺ ഡെലിവറിയാണെന്നും തുടങ്ങിയ കാര്യങ്ങൾ ഓ‍ർഡറിൽ വ്യക്തമായി കാണാം. ബിജെപി വക്താവായ സുപ്രീയ ഷ്രിനാട്ടെയെ ജിബേലിഭായി എന്ന ടാഗിലും ബിജെപി പരിഹസിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായിയാണ് സുപ്രിയ ഷ്രിനാട്ടെ.

വാസ്തവത്തില്‍ പേര്‍ഷ്യന്‍ ആഘോഷങ്ങളിലെ ഇഷ്ടപലഹാരമായിരുന്നു ഒരിയ്‌ക്കല്‍ ജിലേബി. എണ്ണയിൽ പൊരിച്ചെടുത്ത് പഞ്ചസാര ലായനിയിൽ മുക്കി മധുരിപ്പിച്ചാണ്‌ തയ്യാറാക്കുന്നത്. ഇത് ഒരു ഫാക്ടറിയിലും നിര്‍മ്മിക്കാന്‍ കഴിയാത്ത, ഗുണനിലവാരം കാത്തുസൂക്ഷിക്കണമെങ്കില്‍ കൈപ്പുണ്യത്തെ മാത്രം ആശ്രയിക്കേണ്ട ഒരു പലഹാരമാണ്. ലോകമെങ്ങും ജിലേബി ഫാക്ടറി തുറക്കണമെന്നും ആഗോളാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യണമെന്നും തലയ്‌ക്ക് വെളിവില്ലാത്തവര്‍ക്ക് മാത്രമേ പറയാന്‍ കഴിയൂ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക