തിരുവനന്തപുരം: മുൻ ഡിജിപി ആർ.ശ്രീലേഖ ബിജെപിയിൽ ചേർന്നു. വൈകുന്നേരം നാലു മണിക്ക് ശ്രീലേഖയുടെ തിരുവന്തപുരം ഈശ്വരവിലാസം റോഡിലെ വീട്ടിലെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അംഗത്വം നൽകി. കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. ബിജെപി നേതാവ് വി.വി. രാജേഷ് അടക്കമുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.
പോലീസിലെ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വനിതാ ഉദ്യോഗസ്ഥയാണ് ശ്രീലേഖയെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. അറിയപ്പെടുന്ന സാഹിത്യകാരിയാണ് അവര്‍. നവരാത്രി കാലത്ത് ശ്രീലേഖയ്‌ക്ക് അംഗത്വം നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ മേഖലകളിലെ ആളുകളും ഇനിയുടെ പാര്‍ട്ടിയിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു.
സർവീസിൽ ഇരുന്നപ്പോൾ ഞാൻ നിഷ്പക്ഷയായ ഉദ്യോഗസ്ഥയായിരുന്നു. ഒരു പാർട്ടിയിലും അംഗത്വമെടുത്തിരുന്നില്ല. റിട്ടയർമെൻ്റിന് ശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. മോദി പ്രഭാവം തന്നെയാണ് എന്നെ ബിജെപിയിലേക്ക് എത്തിച്ചതെന്നും അംഗത്വം സ്വീകരിച്ച ശേഷം ശ്രീലേഖ പറഞ്ഞു. പലകാര്യങ്ങളും ഇപ്പോള്‍ കാണാന്‍ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ട്ടിയില്‍ എത്തിയത്. ബിജെപിയുടെ ആദര്‍ശങ്ങളോട് വിശ്വാസമുള്ളതിനാലാണ് കൂടെ നില്‍ക്കുന്നതെന്നും ശ്രീലേഖ മറുപടി നൽകി.
രണ്ടു വർഷം മുമ്പാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്. സർവ്വീസിൽ ഉള്ളപ്പോൾ തന്നെ സർക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അതുകൊണ്ടുതന്നെ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോഴുണ്ടായിരുന്ന യാത്രയയപ്പ് ചടങ്ങ് പോലും സ്വീകരിച്ചിരുന്നില്ല. പിന്നീട് സ്വന്തം വ്ലോഗിലൂടെ പല നിലപാടുകളും തുറന്നുപറഞ്ഞത് വലിയ വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: