2015 ഒക്ടോബറിലാണ് ടി പി മാധവന് ഹരിദ്വാറിലേക്ക് യാത്ര പോകുന്നത്. അവിടത്തെ ഒരു ആശ്രമത്തില്‍ അദ്ദേഹം തളര്‍ന്നുവീണു. പക്ഷേ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരത്തെ തിരക്കി ആരും അവിടെയെത്തിയില്ല. അവസാന കാലത്തും മാധവന് ഒറ്റയ്ക്കായിരുന്നു. നോക്കാന്‍ ആരുമില്ലാതായ അദ്ദേഹം അവസാനം വിടപറഞ്ഞത് ഗാന്ധിഭവനിലെ അന്തേവാസിയായിട്ടാണ്.
നാലു പതിറ്റാണ്ട് നീണ്ടുനിന്ന സിനിമാ ജീവിതത്തിലും വില്ലനും ഹാസ്യതാരവും സ്വഭാവനടനുമായി അദ്ദേഹം അരങ്ങുവാണു. നിരവധി സിനിമകളില്‍ അച്ഛന് വേഷത്തിലെത്തി നമ്മുടെ മനം കവര്‍ന്നു. എന്നാല്‍ ജീവിതത്തില്‍ അച്ഛന് വേഷത്തില്‍ അദ്ദേഹത്തിന് ശോഭിക്കാനായില്ല. സിനിമാമോഹവുമായി ചെന്നൈയിലേക്ക് വണ്ടി കയറിയ അദ്ദേഹം കുടുംബവുമായി അകന്നു. ഭാര്യ ഗിരിജയുമായി വേര്‍പിരിഞ്ഞതോടെ മക്കളുടെ ഉത്തരവാദിത്യം അവര്‍ ഏറ്റെടുത്തു.
ഒരു മകനും മകളുമാണ് അദ്ദേഹത്തിന്. മകന് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ രാജാകൃഷ്ണ മേനോന്. എന്നാല്‍ രണ്ട് പ്രാവശ്യം മാത്രം കണ്ടിട്ടുള്ള ഒരു അപരിചിതന് മാത്രമായിരുന്നു രാജാകൃഷ്ണയ്ക്ക് തന്റെ അച്ഛന്. ‘ടി പി മാധവന്റെ മകനായിട്ടാണ് ജനനം എങ്കിലും എന്റെ ഓര്‍മ്മയില്‍ രണ്ടു പ്രാവശ്യം മാത്രമാണു ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അമ്മ ഗിരിജയാണു വെല്ലുവിളികള്‍ ഏറ്റെടുത്ത് എന്നെയും സഹോദരിയേയും വളര്‍ത്തിയത്. ഒരു സെല്‍ഫ് മെയിഡ് വ്യക്തിയാണ് അമ്മ.- അച്ഛനെക്കുറിച്ചുള്ള ചോദ്യത്തിന് രാജാകൃഷ്ണ മുന്‍പ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഹരിദ്വാറില്‍ നിന്ന് മടങ്ങി വന്നതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് 2016ല്‍ അദ്ദേഹം അഭിനയം അവസാനിപ്പിച്ചു. പിന്നീട് അദ്ദേഹം ജീവിച്ചത് അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്കുന്ന കൈനീട്ടവും കൊണ്ടാണ്. തമ്പാന്നൂര്‍ ‘ഗാമ ലോഡ്ജിലെ’ ചെറികയൊരു മുറിയിലായിരുന്നു താമസം. ഹരിദ്വാറില്‍ നിന്ന് തിരികയെത്തിയപ്പോഴും അങ്ങോട്ടേക്ക് തന്നെയാണ് പോയത്.
ജീവിതം മടുത്ത് എല്ലാം ഉപേക്ഷിച്ച് ഹരിദ്വാറിലെ ആശ്രമത്തില്‍ ശിഷ്ടകാലം ജീവിച്ചുതീര്‍ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഹരിദ്വാറിലേക്ക് തനിക്ക് ടിക്കറ്റ് ബുക്ക് ചെയ്തു തരാന്‍ സീരിയല്‍ സംവിധായകനും സുഹൃത്തുമായ പ്രസാദ് നൂറനാടിനോട് ആവശ്യപ്പെട്ടു. മോശം ആരോഗ്യാവസ്ഥയില്‍ ഹരിദ്വാറിലേക്ക് പോകുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയ പ്രസാദ് ഗാന്ധിഭവന് സാരഥി സോമരാജുമായി ബന്ധപ്പെടുകയായിരുന്നു.
ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവന് ടി പി മാധവന് സ്വന്തം വീടായി മാറുകയായിരുന്നു. അദ്ദേഹത്തിന് സ്വന്തമായി ഒരു മുറി തന്നെ ഉണ്ടായിരുന്നു. ഗാന്ധിഭവനിലെ ജീവിതം മാധവന് ഏറെ ആസ്വദിച്ചിരുന്നു. വായിക്കാന്‍ പുസ്തകങ്ങളും സംസാരിക്കാന്‍ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹം വീണ്ടും ഊര്‍ജ്ജ്വസ്വലനായി. ആരോഗ്യം മോശമാകും വരെ ഗാന്ധിഭവന്റെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: