തിരുവനന്തപുരം: നവരാത്രി കാലത്ത് ശ്രീപദ്മനാഭസ്വാമിക്ഷേത്രപരിസരത്ത് ഭക്തരുടെ വാഹനം പാര്‍ക്കുചെയ്യുന്നതിന് ഇരട്ടി ഫീസ് ഈടാക്കി ട്രാഫിക് പോലീസ്.
കോര്പ്പറേഷന് പരിധിയില്‍ റോഡരുകില്‍ പാര്‍ക്കിങ് ഏര്യയായി കണക്കാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ ഒരുമണിക്കൂര്‍ നേരം കാര്‍ പാര്‍ക്കിങിന് ഈടാക്കുന്നത് 10 രൂപ മാത്രമാണ്. എന്നാല്‍ ഭക്തരുടെ തിരക്ക് വര്‍ധിച്ച നവരാത്രിക്കാലത്ത് ക്ഷേത്രത്തില്‍ പോകുന്നവരാണോ എന്ന് ചോദിച്ചുറപ്പുവരുത്തിയാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലും നവരാത്രി മണ്ഡപത്തിലും ദര്‍ശനത്തിനെത്തുന്നവരില്‍ നിന്ന് ട്രാഫിക് വാര്ഡന്മാര് ഇരട്ടി ഫീസ് വാങ്ങുന്നത്.
കാറൊന്നിന് ഇരുപത് രൂപ വാങ്ങുകയും 10 രൂപയുടെ രണ്ട് പാസുകള്‍ നല്‍കുകയുമാണ് ചെയ്യുന്നത്. നഗരത്തിലെ കാര്‍ പാര്‍ക്കിങ് റേറ്റിനെക്കുറിച്ച് ബോധ്യമുള്ള നഗരവാസികള്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ ഉന്നയിക്കാറുണ്ടെങ്കിലും ട്രാഫിക് വാര്ഡന്മാര് മോശമായ പദപ്രയോഗങ്ങള്‍ നടത്തി അധിക്ഷേപിക്കുന്നതായും ഭക്തര്‍ പറയുന്നു.
ദൂരദേശങ്ങളില്‍ നിന്ന് കുടുംബസമേതമെത്തുന്നവര്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ ചോദിക്കുന്ന തുക കൊടുത്തുപോകുകയാണ് പതിവ്. കൂടുതല്‍ തുക നല്കാന് തയ്യാറായില്ലെങ്കില്‍ റോഡരികില്‍ പാര്ക്കുചെയ്യാന് പറ്റില്ലെന്നും തൊട്ടടുത്തുള്ള കെഎസ്ആര്‍ടിസി പേ പാര്‍ക്ക് സോണില്‍ പാര്ക്കുചെയ്യണമെന്നും ഭക്തരോട് തട്ടിക്കയറുന്നവരുമുണ്ട്. അവിടെ 50 ഉം 70 രൂപ വങ്ങുമ്പോള് ഇവിടെ 20 രൂപ നല്കാന് എന്താണ് ബുദ്ധിമുട്ടെന്നാണ് ഇവരുടെ ചോദ്യം.
ട്രാഫിക് സൗത്ത് അസിസ്റ്റന്റ്കമ്മീഷണറുടെ നിയന്ത്രണത്തിന് കീഴിലുള്ള ട്രാഫിക് വാര്ഡന്മാരാണ് ഭക്തരില്‍ നിന്ന് അധിക തുക ഈടാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്. ഇന്നലെയും നിരവധി ഭക്തരാണ് ഇതുസംബന്ധിച്ച് ട്രാഫിക് വാര്ഡന്മാരുമായി വാഗ്വാദത്തിലേര്‍പ്പെട്ടത്. നവരാത്രി മണ്ഡപത്തിലെ ദര്‍ശന സമയത്ത് നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ എത്തുന്നത്.
പുലര്‍ച്ചെ 5.15 മുതല്‍ 7.30 വരെയും 8.30 മുതല്‍ 10.30 വരെയും ഉച്ചയ്ക്ക് ശേഷം 3 മുതല്‍ 5 വരെയും രാത്രി 9.30 മുതല്‍ 10 വരെയുമാണ് നവരാത്രി മണ്ഡപത്തില്‍ ഭക്തര്‍ക്ക് പ്രവേശിക്കാനാകുന്നത്. വൈകിട്ട് 5 മുതല്‍ 9.30 വരെ നവരാത്രി സംഗീതാരാധനയാണ്. ഇതിനൊക്കെ എത്തുന്ന ഭക്തരെയാണ് ട്രാഫിക് പോലീസ് അധിക ഫീസ് ഈടാക്കി കൊള്ളയടിക്കുന്നത്.
കൂടുതല്‍ തുക പിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദം
കൂടുതല്‍ തുക പിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് ട്രാഫിക് വാര്ഡന്മാര്. പ്രതിദിനം 500 രൂപയാണ് ദിവസവേതനക്കാരായ ഇവര്‍ക്ക് ശമ്പളം ലഭിക്കുന്നത്. ശമ്പളത്തെക്കാള്‍ കളക്ഷന്‍ കണ്ടെത്തണമെന്നാണ് സമ്മര്‍ദ്ദം. കൂടുതല്‍ തുക കണ്ടെത്തുന്നവര്‍ക്ക് കൂടുതല്‍ ദിവസം ജോലി ലഭിക്കും. കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ കിട്ടുന്നതിനാണ് ഇരട്ടിത്തുക ഈടാക്കുന്നതെന്നും തെറ്റാണ് ചെയ്യുന്നതെന്ന് ബോധ്യമുണ്ടെന്നുമാണ് ട്രാഫിക് വാര്ഡന്മാര് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: