തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിറഞ്ഞത് ആര്‍എസ്എസും ജന്മഭൂമിയും. വിഷയം എഡിജിപി അജിത്കുമാറായിരുന്നെങ്കിലും ആര്‍ക്കാണ് ആര്‍എസ്എസുമായി കൂടുതല്‍ ബന്ധം എന്ന ചര്‍ച്ചയാണ് സഭയില്‍ നിറഞ്ഞത്. ആര്‍എസ്എസ് പരിപാടികളില്‍ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തതിന് തെളിവായി ഇരുപക്ഷത്തുനിന്നും സംസാരിച്ചവര്‍ ഉയര്‍ത്തിക്കാട്ടിയത് ജന്മഭൂമി വാര്‍ത്തകളും.
2013 മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ‘വിവേകാനന്ദനും പ്രബുദ്ധകേരളവും’ പുസ്തകത്തിന്റെ തൃശ്ശൂരിലെ പ്രകാശനങ്ങില് പങ്കെടുത്തെന്ന് തെളിയിക്കാനാണ് മന്ത്രി എം.ബി.രാജേഷ് ജന്മഭൂമി ഉയര്‍ത്തിക്കാട്ടിയത്. ‘നാട് കപട മതേതരത്വത്തിന്റെ പിടിയില്‍ : വി.ഡി.സതീശന്’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത മുഴുവന്‍ മന്ത്രി രാജേഷ് വായിച്ചു. ഇത് താന്‍ പറഞ്ഞതല്ലെന്ന് വി.ഡി. സതീശന് വാദിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന് മന്ത്രി ചോദിച്ചു. ഇതിന് മറുപടിയായി വി.ഡി. സതീശന് തിരുവനന്തപുരത്ത് വി.എസ്.അച്യുതാന്ദനാണ് പുസ്തകം പ്രകാശനം ചെയ്തതെന്നും അതിന്റെ വാര്‍ത്ത ജന്മഭൂമിയില് വന്നത് കൂടി വായിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രമേയ അവതാരകന് എന്‍. ഷംസുദീന്‍ പിന്നാലെ ആദ്യം ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഎമ്മിന്റെ പി.നന്ദകുമാര്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെതിരെ കോണ്‍ഗ്രസുകാര്‍ ജനസംഘംകാരനെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന് ചൂണ്ടിക്കാട്ടി. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ കോണ്‍ഗ്രസും ലീഗും ബിജെപിയും ചേര്‍ന്ന് സിപിഎമ്മിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്നും നന്ദകുമാര്‍ പറഞ്ഞു.
2006ലെ ഗുരുജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പറവൂര്‍ മനക്കപ്പടി സ്കൂളില്‍ മതഭീകരവാദത്തെ കുറിച്ചു നടന്ന സെമിനാര്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശന്റെ ചിത്രവും സിപിഎം സഭയില്‍ എത്തിച്ചു. കൂടാതെ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ ആര്‍എസ്എസിന് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം നല്കിയതും മന്ത്രി എം.ബി. രാജേഷ് എടുത്തുപറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സിപിഎം നേതാക്കള്‍ ആര്‍എസ്എസുമായി സഹകരിച്ചതിന്റെ വിവരങ്ങളാണ് നിരത്തിയത്. 1977ല്‍ ആര്‍എസ്എസ് പിന്തുണയോടെ എംഎല്‍എ ആയ ആളാണ് പിണറായി വിജയനെന്നും അന്ന് ഇഎംഎസ് നമ്പൂതിരിപ്പാടുള്‍പ്പെടെ സംഘപരിവാറിന്റെ പിന്തുണയോടെയാണ് മത്സരിച്ചതെന്നും സതീശന് പറഞ്ഞു. ഇഎംഎസ്, കെ.ജി. മാരാര്‍ക്ക് ബാഡ്ജ് കുത്തിക്കൊടുക്കുന്നതിന്റെയും ശിവദാസ മേനോന്റെ പ്രചരണത്തില്‍ എല്‍.കെ. അദ്വാനി പ്രസംഗിക്കുന്നതിന്റെയും പടമുണ്ടെന്ന് സതീശന് പറഞ്ഞു.
ശ്രീഎമ്മിന്റെ മധ്യസ്ഥതയില്‍ പിണറായിവിജയന് ആര്‍എസ്എസുമായി ചര്‍ച്ച നടത്തി, നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയെന്ന് ബാലശങ്കര്‍ പറഞ്ഞു തുടങ്ങിയവയും പ്രതിപക്ഷം ഉന്നയിച്ചു. കണ്ണൂര്‍ സര്‍വകലാശാലയില്‍ സവര്‍ക്കര്‍, ഗോള്‍വല്‍ക്കര്‍, ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തിയതും അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: