കൊച്ചി: തടവറയില്‍ ജനിച്ച ശ്രീകൃഷ്ണന്റെ ദൗത്യമാണ് എബിവിപിക്കെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന്. ആര്‍എസ്എസ് നിരോധിക്കപ്പെട്ട കാലഘട്ടത്തില്‍ 1948ലാണ് എബിവിപി പിറന്നത്. ശ്രീകൃഷ്ണന് വളര്‍ച്ചക്കനുസരിച്ച് ആസുരികതക്കെതിരെ പോരാടിയാണ് മുന്നോട്ടുപോയത്. ഇതേ മാതൃക തന്നെയാണ് എബിവിപിയുടേതും. ജനുവരിയില്‍ എറണാകുളത്ത് നടക്കുന്ന എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം എളമക്കര മാധവനിവാസിലെ മാധവ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയില്‍ നാടിനനുകൂലമായി ചിന്തിക്കുന്ന അവസ്ഥയുണ്ടാക്കാന്‍ എബിവിപിക്കായി. അടിയന്തരാവസ്ഥയ്ക്കെതിരെ വലിയ പോരാട്ടങ്ങള്‍ സംഘടിപ്പിക്കാനും
ജയപ്രകാശ് നാരായണനെ പ്രക്ഷോഭത്തിലേക്ക് ആകര്‍ഷിക്കാനും എബിവിപിക്കായി. നാടിനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപ്പെട്ട് ദേശീയതയ്ക്ക് അനുകൂലമാക്കുവാനും പൗരസ്വാതന്ത്ര്യവും ദേശീയബോധവും ഉയര്‍ത്തിപ്പിടിക്കാനും എബിവിപിക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് വി.യു. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി, എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വര്‍പ്രസാദ്, മാളവിക. എ, സ്വാതികൃഷ്ണ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: