ന്യൂദല്‍ഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്, സഹമന്ത്രി ഡോ. എല്‍. മുരുകന് തുടങ്ങിയവരും പങ്കെടുത്തു.
ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നടന് മിഥുന് ചക്രവര്‍ത്തി ഏറ്റുവാങ്ങി. കാന്താരയിലെ അഭിനയത്തിലൂടെ മികച്ച നടനായ ഋഷഭ് ഷെട്ടി, മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ട നിത്യമേനോന് (തിരുച്ചിത്രമ്പലം), മാനസി പരേഖ് (കച്ച് എക്സ്പ്രസ്), മികച്ച ബാലതാരമായ ശ്രീപദ്, മികച്ച ചിത്രമായ ആട്ടത്തിന്റെ സംവിധായകന് ആനന്ദ് ഏകര്‍ഷി എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരം കാന്താരയ്ക്കും മലയാളം ചിത്രത്തിനുള്ള പുരസ്കാരം സൗദി വെള്ളക്കയ്ക്കും ലഭിച്ചു. സൂരജ് ആര്. ബര്‍ജാത്യ (മികച്ച സംവിധായകന്), പ്രമോദ് കുമാര്‍ (നവാഗത സംവിധായകന്), ആനന്ദ് ഏകര്‍ഷി (തിരക്കഥ), മഹേഷ് ഭുവനേന്ദ് (എഡിറ്റിങ്), എ.ആര്. റഹ്മാന്(പശ്ചാത്തലസംഗീതം), ബോംബെ ജയശ്രീ (ഗായിക), അര്‍ജിത് സിങ്ങ് (ഗായകന്), നൗഷാദ് സദര്‍ഖാന്‍ (ഗാനരചയിതാവ്), നിഖില്‍ ജോഷി (കോസ്റ്റ്യൂം) എന്നിവരും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. സംഗീത സംവിധാനത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച സഞ്ജയ് സലില്‍ ചൗധരിയും പുരസ്കാരം സ്വീകരിച്ചു. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ മികച്ച സംവിധായികയായ മിറിയം ചാണ്ടി മേനാച്ചേരി (ഫ്രം ദ ഷാഡോസ്), മികച്ച ആനിമേഷന്‍ ചിത്രമായ എ കോക്കനട്ട് ട്രീയുടെ സംവിധായകന് ജോഷി ബെനഡിക്റ്റ് എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: