അക്ഷരസ്വരൂപിണിയായ വാണീദേവിയെ ഭക്ത്യാദരവോടെ ആരാധിക്കാന്‍ ഭാരതത്തിലെ വിശ്വാസികള്‍ മുടക്കമില്ലാതെ ആണ്ടുതോറും ആഘോഷപൂര്‍വ്വം ആചരിച്ചുവരുന്ന പുണ്യോത്സവമായ നവരാത്രിയുടെ ചില നേരറിവുകള്‍.
വൈദികസാഹിത്യത്തില്‍ അജ്ഞാനത്തെ രാത്രി എന്ന പദം കൊണ്ടാണ് സൂചിപ്പിക്കുന്നത്.
രാത്രിക്ക് ശേഷമുള്ള വെളിച്ചം അന്ധകാരത്തിന്റെ പരിസമാപ്തിയും. നവരാത്രിക്കു ശേഷം പത്താം ദിനം വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതും അതുകൊണ്ടുതന്നെ. എഴുത്തും വായനയും സംഗീതവും നൃത്തവും തുടങ്ങി ജീവിതത്തിന്റെ സമസ്തമേഖലകളിലും അനുവര്‍ത്തിച്ചുവരുന്ന കര്‍മമണ്ഡലങ്ങളെ സാധന എന്ന നിലയ്ക്കാണ് പ്രാചീന കാലങ്ങളിലെ ആചാര്യന്മാര് കണ്ടിരുന്നത്. കര്‍മ മേഖലയുടെ വികസനത്തിന് ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളും ചിന്തകളും എല്ലാം ചേര്‍ന്നുള്ള പാരസ്പര്യത്തിലാണ് വിജയരഹസ്യമെന്നും അവര്‍ വിശ്വസിച്ചു. കര്‍ഷകന്റെ പണിയായുധങ്ങള്‍, മരംവെട്ടുകാരന് തന്റെ മഴുവിനെ, എഴുത്തുകാരന് തന്റെ തൂലികയെ, നര്‍ത്തകി ചിലങ്കയെ, വിദ്യാര്‍ഥികള്‍ തങ്ങളുടെ പഠനോപകരണങ്ങള്‍, വാഹന ഉപയോക്താക്കള്‍ അതിന്റെ താക്കോല്‍ തുടങ്ങി ജീവിതത്തിലെ നാനാതുറകളിലുള്ള വിശ്വാസികള്‍ ഐശ്വര്യപ്രദമായ ജീവിതസാഹചര്യം ലക്ഷ്യമിട്ട് നവരാത്രിപൂജയില്‍ സമര്‍പ്പിക്കുന്നത് സര്‍വ്വസാധാരണം.
വനവന് ചെയ്തുവരുന്ന തൊഴിലുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉപകരണങ്ങള്‍ ദേവീപ്രസാദത്തിനായിട്ടാണ് നവരാത്രികാലത്ത് ആയുധപൂജയില്‍ സമര്‍പ്പിക്കുന്നത്. നവരാത്രി നാളുകളിലെ വിശേഷാല്‍ പൂജയുടെ കേന്ദ്രബിന്ദു ദുര്‍ഗാ ദേവിയാണെങ്കിലും തത്സമയ പൂജകളില്‍ ദുര്ഗാദേവിയോടൊപ്പം ലക്ഷ്മിയും സരസ്വതിയും പൂജിക്കപ്പെടുന്നു. നവരാത്രിയുടെ ആദ്യത്തെ മൂന്നു ദിനങ്ങള്‍ തമോഗുണവും തൊട്ടടുത്ത മൂന്നു നാള് രജോഗുണവും അവസാനത്തെ മൂന്നു നാള് സത്വഗുണവും പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. നമ്മുടെ ബോധം തമോ രജോ ഗുണങ്ങളിലൂടെ സഞ്ചരിക്കുകയും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ സത്വഗുണത്തില്‍ വിടരുകയും ചെയ്യുന്നു. ജീവിതത്തില്‍ സത്വം ആധിപത്യം സ്ഥാപിക്കുമ്പോഴെല്ലാം വിജയം പിന്തുടരുന്നു. സ്ത്രീരൂപത്തില്‍ ഈശ്വരനെ ആരാധിക്കുന്നുവെന്നത് ഭാരതീയ സംസ്കൃതിയുടെ മുഖ്യ സവിശേഷതകളില്‍ ഒന്നാണ്. ശക്തി ആരാധനയുടെ സന്ദേശമാണ് നവരാത്രി മഹോത്സവത്തിലൂടെ ലഭിക്കുന്നത്. തിന്മയുടെ മേല്‍ നന്മയുടെ വിജയമായി കണക്കാക്കുന്ന നവരാത്രി കര്‍ണാടകത്തില്‍ ദസറ എന്ന പേരിലാണ് അറിയപ്പെടുന്നത്.
മൈസൂരിലെ രാജകുടുംബത്തിന്റെ നിയന്ത്രണത്തില്‍ നടക്കുന്ന സംസ്ഥാന മഹോത്സവം കൂടിയാണ് നവരാത്രി. ദസറക്കാലത്ത് യക്ഷഗാനം എന്ന രൂപത്തിലൂടെ ഹിന്ദു പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ അരങ്ങിലെത്തുന്നതും പതിവുകാഴ്ച.
ഉത്തരേന്ത്യയില്‍, ദുഷ്ടരാജാവായ രാവണനെതിരെ ശ്രീരാമന് നേടിയ വിജയമായാണ് നവരാത്രി ആഘോഷിക്കുന്നത്. ദസറയില്‍ ആചാരപരമായി നടപ്പിലാക്കുന്ന രാംലീലയുടെ ആഘോഷങ്ങളില്‍ ഇത് അവസാനിക്കുന്നു. ‘വിജയദശമി’ ദിനത്തില്‍ ദുഷ്ടശക്തികളുടെ മേല്‍ നന്മ (രാമന്) നേടിയ വിജയം ആഘോഷിക്കാന്‍ രാവണനായ കുംഭകര്‍ണന്റെ കോലം കത്തിക്കുന്നു. ഈ ഒമ്പത് ദിവസങ്ങള്‍ പ്രത്യേക പൂജകള്‍, യജ്ഞങ്ങള്‍, ഹോമങ്ങള്‍, ഉപവാസം, ധ്യാനങ്ങള്‍, നിശബ്ദത, ഗാനം, നൃത്തം എന്നിവയാല്‍ നിറഞ്ഞതാണ്. അവളുടെ മുഴുവന്‍ സൃഷ്ടിയും – എല്ലാ ജീവിതരൂപങ്ങളും, എല്ലാത്തരം കലകളും, സംഗീതവും, അറിവും. അജ്ഞതയില്‍ നിന്നും എല്ലാത്തരം തിന്മകളില് നിന്നും മനുഷ്യരാശിയുടെ രക്ഷകയായി ദേവി ആരാധിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: