കണ്ണൂരിലും കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും ആര്.എസ്.എസ് പ്രചാരകനായി അനവധി കാലം സേവനമനുഷ്ഠിച്ച പൂര്‍വ്വാശ്രമത്തിലെ പി.കെ.രവീന്ദ്രന് എന്ന സ്വാമി സാന്ദ്രാനന്ദ സരസ്വതി (76) ഇനി ഓര്‍മ്മ. സംഗമേശന്റെ മണ്ണായ ഇരിങ്ങാലക്കുടയില്‍ ജനിച്ച് കര്‍മകാണ്ഡത്തിലെ നിരവധി മേഖലകളില്‍ നിതാന്തജാഗ്രതയോടെ, നിസ്വാര്‍ത്ഥതയോടെ സേവനമനുഷ്ഠിച്ച അദ്ദേഹം ആത്മാര്‍ത്ഥതയുടെ ആള്‍രൂപമായിരുന്നു.
1949 മെയ് 4 ന് ഇരിങ്ങാലക്കുട പനങ്ങാടന്‍ കുട്ടിയുടേയും പൊന്നിയുടേയും മകനായി ജനിച്ച രവീന്ദ്രന് ധനതത്വശാസ്ത്രത്തിലാണ് ബിരുദമെടുത്തത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ പഠന നാളുകളില്‍ ഹോക്കിതാരവും ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. പഠനശേഷം കന്യാകുമാരിയിലെത്തി വിവേകാനന്ദകേന്ദ്രം നിര്‍മ്മാണത്തിന് ഏകനാഥ് റാനഡേയോടൊപ്പം മര്‍മ്മപ്രധാന പങ്കുവഹിച്ചു. ഇവിടെവച്ചാണ് സ്വാമി ജ്ഞാനാനന്ദ സരസ്വതി സ്വാമികളില്‍നിന്ന് മന്ത്രദീക്ഷ സ്വീകരിക്കുന്നത്. ഇവിടെനിന്ന് സ്വാമി പരമേശ്വരാനന്ദ സരസ്വതിക്കൊപ്പം കൊടകരക്കടുത്ത് കനകമലയുടെ താഴ്വരയിലെ കാവനാടെത്തി ശ്രീകൃഷ്ണാശ്രമം സ്ഥാപിക്കുന്നതില്‍ നേതൃത്വം വഹിച്ചു.
പരമേശ്വരാനന്ദയും ജ്ഞാനാനന്ദ സരസ്വതി സ്വാമികളുടെ ശിഷ്യനായിരുന്നു. കനകമലയിലെ പരമേശ്വരം ശ്രീകൃഷ്ണാശ്രമം കേന്ദ്രീകരിച്ച് രവീന്ദ്രന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ പഞ്ചഗവ്യചികിത്സാസമ്പ്രദായത്തിന് തുടക്കം കുറിക്കുന്നത്. ഗോസംരക്ഷണരംഗത്തും ഗോചികിത്സയിലും ഇദ്ദേഹത്തിന്റെ സംഭാവന എടുത്തുപറയേണ്ടതാണ്. നാഗ്പപൂരില്പോയി ഗോവിജ്ഞാന്കേന്ദത്തില് ഗോസേവാ പ്രവര്‍ത്തനങ്ങള്‍ പരിശീലിച്ചതിനുശേഷമാണ് ഈ രംഗത്തേക്കു പ്രവേശിക്കുന്നത്. പഞ്ചഗവ്യത്തില്നിന്നുള്ള നിരവധി ഉത്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും നടത്തി.
പല്‍പ്പൊടിയും ഭസ്മവും മരുന്നുകളും അരിഷ്ടവുമെന്നല്ല കീടനാശിനി വരെ പഞ്ചഗവ്യത്തില്നിന്ന് ഇദ്ദേഹം ഉണ്ടാക്കി. പഞ്ചഗവ്യ ചികിത്സ എന്ന പുസ്തകം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി അതിന്റെ പ്രചാരണം ഏറ്റെടുത്തു. കേരളത്തിലങ്ങോളമിങ്ങോളം ഗോചികിത്സാക്യാമ്പുകള് നടത്തി. ഗോസേവ മൂലം തന്റെ കുടുംബത്തിന് അഭിവൃദ്ധിയും ഐശ്വര്യവുമുണ്ടായെന്നായിരുന്നു രവീന്ദ്രഭാഷ്യം. ഗോസംരക്ഷണത്തില്‍ മാത്രമല്ല ജൈവകൃഷിയിലും വിശ്വാസമര്‍പ്പിച്ചു.
പരമേശ്വരാനന്ദസരസ്വതി സമാധിയായതോടെ കൊടകരയിലെ ശ്രീകൃഷ്ണാശ്രമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. രവീന്ദ്രന് ആശ്രമത്തിനടുത്ത് സ്വന്തമായി സ്ഥലംവാങ്ങി വീട് പണിത് ഗോശാലയും പഞ്ചഗവ്യചികിത്സയും വീട്ടില്‍ നടത്തി. ഭാരതീയ ഗോവംശത്തില്പെട്ട നൂറോളം നാടന്‍ പശുക്കളുള്ള ഗോശാലയായിരുന്നു വീടിനോടുചേര്ന്നുണ്ടായിരുന്നത്. പാലും നെയ്യും തൈരും ഗോമൂത്രവും ചാണകവുമടങ്ങുന്ന പഞ്ചഗവ്യചികിത്സക്കായി കേരളത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ഇദ്ദേഹത്തെ തേടിയെത്തിയിരുന്നവര്‍ അനവധിയായിരുന്നു. ഗോസേവാപ്രവര്ത്തനങ്ങളില് സജീവമായിരിക്കുന്നതിനിടയിലാണ് പാലക്കാട് ശിവാനന്ദയോഗിയുടെ ആശ്രമത്തിലെത്തി സംന്യാസം സ്വീകരിക്കുന്നത്. പിന്നീട് ഹരിദ്വാറിലെ ആശ്രമത്തിലായിരുന്നു രണ്ടുവര്‍ഷക്കാലം.
ഹരിദ്വാറില്‍ സംന്യാസ ജീവിത്തിനിടയിലും സംഘപ്രവര്‍ത്തകരുടെ ഫോണ്‍നമ്പര്‍ തേടിപ്പിടിച്ച് ആര്.എസ്.എസ് പ്രവര്‍ത്തനങ്ങളെ നെഞ്ചോടുചേര്‍ത്തു. 2021 ല്‍ നാട്ടില്‍ തിരിച്ചെത്തി വീണ്ടും ഗോസേവാപ്രവര്ത്തനങ്ങളിലും ചികിത്സാരംഗത്തും സജീവമായി. അവസാന നാളുകളിലും വീടിനോടുചേര്‍ന്ന് നാലോളം ഗീര്പശുക്കളെ പരിപാലിച്ചിരുന്നു. ആര്.എസ്.എസ് പ്രചാരകായി കണ്ണൂരില്‍ സേവനമനുഷ്ഠിക്കുന്നതിനിടെ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ലഭിച്ചെങ്കിലും സംഘപ്രവര്‍ത്തനം ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായില്ല. ഏതാനും വര്‍ഷം കഴിഞ്ഞ് ഇദ്ദേഹത്തോട് അന്ന് ആ ജോലിയില്‍ പ്രവേശിച്ചെങ്കില് ഉയര്‍ന്ന തസ്തികയില്‍ വിരമിക്കാമായിരുന്നു എന്ന ചോദ്യത്തിന് അങ്ങനെയായിരുന്നെങ്കില്‍ താന്‍ വഴിതെറ്റിയ ജീവിതത്തിന് ഉടമയായേനെ എന്നാണ് രവീന്ദ്രന് മറുപടി പറഞ്ഞത്. പ്രചാരകവൃത്തിക്കുശേഷം തിരിച്ചുവന്ന് സംഘത്തിന്റെ ഇരിങ്ങാലക്കുട സംഘജില്ലയുടെ സേവാപ്രമുഖ്, ധര്‍മ്മജാഗരണ്‍ പ്രമുഖ് എന്നീ ചുമതലകള്‍ വഹിച്ചു.
ഹോക്കിതാരമായും ഗോസേവകനായും സംന്യാസിയായും കര്‍മ്മകാണ്ഡത്തിലെ പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിശുദ്ധിയും വിശ്രുതിയും കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെയായിരുന്നു പ്രയാണം. കാവിയണിഞ്ഞ് ജപവും സാധനയും വ്രതശുദ്ധിയും തുടര്‍ന്നപ്പോഴും കറകളഞ്ഞ സ്വയംസേവകന് എന്ന് വിശേഷിപ്പിക്കാനായിരുന്നു സ്വാമി സാന്ദ്രാനന്ദക്കിഷ്ടം. ഏതാനും മാസങ്ങളായി കൊടകര കാവനാട്ടെ വീട്ടിലായിരുന്നെങ്കിലും പഞ്ചഗവ്യചികിത്സയും ഗോസേവയും തുടര്‍ന്നുകൊണ്ടിരുന്നു. അസുഖബാധിതനായിരുന്നില്ല. തിങ്കളാഴ്ച വൈകിട്ടാണ് സ്വാമി സമാധിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: