ബിജെപിയുടെ സ്വാധീനം സംശയലേശം കൂടാതെ പ്രകടമാക്കിയ ജമ്മു -കശ്മീര്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഏറെ ശ്രദ്ധേയമാകുന്നത് മത്സര ഫലംകൊണ്ട് മാത്രമല്ല. പരാതിക്ക് ഇടമില്ലാതെ പഴുതടച്ച സുരക്ഷയോടെയും സുതാര്യമായും നടത്തിയ വോട്ടെടുപ്പും ജനങ്ങള്‍ ക്രിയാത്മകമായി അതിനോട് പ്രതികരിച്ച രീതി കൊണ്ടുകൂടിയാണ്. കശ്മീര്‍ താഴ് വരയില്പ്പോലും കല്ലേറോ സംഘട്ടനങ്ങളോ വെടിവയ്പ്പോ ഒന്നും സംഭവിച്ചില്ല. ആരും ബൂത്ത് പിടിച്ചുമില്ല. ജമ്മു കശ്മീരില്‍ ജനം ഇത്ര സമാധാനമായും ഉത്സാഹത്തോടെയും ബൂത്തുകളിലെത്തിയ സംഭവം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. നിശ്ചയദാര്‍ഢ്യമുള്ള ഭരണസംവിധാനത്തിന്റെ തണലില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന സുരക്ഷിതത്വബോധം ആണ് എവിടെയും കണ്ടത്.
ബിജെപി വര്‍ധിച്ച ഭൂരിപക്ഷത്തോടെ തുടര്‍ച്ചയായി മൂന്നാമതും ജയിച്ചുകയറിയ ഹരിയാനയില്‍ കണ്ടത് ജനവിധിയുടെ കരുത്ത് തന്നെയാണ്. ഭരണം പിടിക്കാന്‍, രാജ്യദ്രോഹമടക്കം എന്ത് നിലവിട്ട കളിയും കളിക്കാനിറങ്ങിയവര്‍ക്ക് വോട്ടര്‍മാര്‍ കൊടുത്ത മറുപടി പലരുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ജാട്ട് വോട്ടുകള്‍ ലക്ഷ്യം വച്ചു നടത്തിയ ജാതി രാഷ്ട്രീയക്കളികളും ഇല്ലാത്ത പ്രശ്നങ്ങളുടെ പേരില്‍ നടത്തിയ കര്‍ഷക സമരങ്ങളും ഗുസ്തി താരങ്ങളേ മുന്നില്‍ നിര്‍ത്തിയുള്ള സമരകുതന്ത്രങ്ങളും, പക്വതയോടെ വിലയിരുത്തി ചെയ്ത വോട്ടുകളാണ് അവിടെ വിധി നിര്‍ണയിച്ചത്. തങ്ങളെ വിലകുറച്ച് കാണരുതെന്ന കൃത്യമായ മുന്നറിയിപ്പാണ് ബാലറ്റിലൂടെ ജനം നല്‍കിയത്. വെറും വാചാടോപത്തെ തള്ളിക്കളഞ്ഞ് സുശക്ത ഭരണത്തെ തെരഞ്ഞെടുത്തു. റോഡുകളും കുടിവെള്ളവും പാര്‍പ്പിടവും സുരക്ഷയുമാണ് അവരുടെ മനസ്സിനെ സ്വാധീനിച്ചത്. പകല്‍പോലും വഴിനടക്കാന്‍ പേടിക്കേണ്ടിയിരുന്ന കാലം പോയി. രാത്രിയാത്ര പോലും സുരക്ഷിതമായി. ആ സംതൃപ്തിയുടെ വോട്ടാണ് ബിജെപിക്ക് കിട്ടിയത്.
ഭരണത്തില്‍ എത്തിയില്ലെങ്കിലും ജമ്മു – കശ്മീരില്‍ ബിജെപി സ്വന്തം അടിത്തറയും നിലയും മെച്ചപ്പെടുത്തിയത്, മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് പോരാടാനുള്ള തന്റേടം കാണിച്ചുകൊണ്ടാണ്. ജമ്മുവിലെ ആധിപത്യം നിലനിര്‍ത്തി. കശ്മീര്‍ താഴ് വരയില്‍ ശക്തമായി കടന്നു ചെല്ലുകയും ചെയ്തു. സുശക്തമായ അടിത്തറയില്ലാത്ത കശ്മീര്‍ മേഖലയിലെ 47 സീറ്റില്‍ പകുതിയില്‍ താഴെ മാത്രമാണ് മത്സരിച്ചതും.
അധികാരക്കസേര മാത്രം സ്വപ്നം കണ്ടും വിധ്വംസക ശക്തികളെ കൂട്ടുപിടിച്ചും ഭിന്നിപ്പ് വിതച്ചും നടത്തിപ്പോന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കാലം കഴിഞ്ഞെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചു. അതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. കയ്യിലിരുന്നത് പോലും നിലനിര്‍ത്താനാകാതെ തകര്‍ന്ന്, നാഷണല്‍ കോണ്‍ഫെറന്‍സിന്റെ വാല് മാത്രമായി അവശേഷിക്കാനാണ്, ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: