ന്യൂദല്‍ഹി: ഹരിയാനയിലും കണക്കുകൂട്ടലുകള്‍ തെറ്റി കോണ്‍ഗ്രസ്. അമിത ആത്മവിശ്വാസവുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ബിജെപി
യുടെ ഹാട്രിക് വിജയത്തിന് ഏതുവിധത്തിലും തടയിടുക എന്നതായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യം. ജാതിക്കാര്‍ഡും കര്‍ഷകസമരവും ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ പാര്‍ട്ടി പ്രവേശനവുമെല്ലാം ഇതിന്റെ ഭാഗമായിരുന്നു. 2019ല്‍ 31 സീറ്റുനേടിയ കോണ്‍ഗ്രസ് അന്‍പതിലധികം സീറ്റ് നേടി അധികാരത്തിലെത്താനായിരുന്നു ലക്ഷ്യമിട്ടത്.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ വികസന പദ്ധതികളും മുഖ്യമന്ത്രി നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും സംസ്ഥാനത്ത് പാര്‍ട്ടിയെ വീണ്ടും ഭരണത്തില്‍ എത്തിക്കുമെന്ന് ബിജെപി നേതൃത്വത്തിന് ഉറപ്പായിരുന്നു. ജെജെപി ബിജെപിയുമായുള്ള സഖ്യം വിട്ടത് തങ്ങളെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് കരുതിയിരുന്നു. എന്നാല്‍ അത് കോണ്‍ഗ്രസിനെ തുണച്ചില്ലെന്നു മാത്രമല്ല, ജെജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിയും വന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആപ്പുമായി സഖ്യം രൂപീകരിച്ച് മത്സരിച്ച കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ പക്ഷേ സഖ്യം തുടരാനായില്ല. അത് ഇരുപാര്‍ട്ടികള്‍ക്കും തിരിച്ചടിയായി. മുന്‍മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയും കുമാരി സെല്‍ജയും തമ്മിലുള്ള ചേരിപ്പോര് അവസാനിക്കാത്തതും കോണ്‍ഗ്രസിന്റെ പരാജയത്തിന് വഴിമരുന്നിട്ടു. 2019ല്‍ പത്ത് സീറ്റ് നേടിയ ജെജെപി ബിജെപി സഖ്യം വിട്ട് ആസാദ് സമാജ് പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ചെങ്കിലും തകര്‍ന്നടിയുകയായിരുന്നു.
ഭൂപീന്ദര്‍ സിങ് ഹൂഡയുടെ അനുയായികള്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മുന്‍തൂക്കം നല്‍കിയെന്ന് ആരോപിച്ച കുമാരി സെല്‍ജ പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ കുറച്ച് ദിവസത്തേക്ക് വിട്ടുനിന്നു. മുഖ്യമന്ത്രിയാകാന്‍ തനിക്കാണ് കൂടുതല്‍ അവകാശമെന്ന വാദം ഉന്നയിക്കുകയും ചെയ്തു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ ഉയര്‍ത്തികാണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിരുന്നില്ല. ഇത് അണികള്‍ക്കിടയിലും വോട്ടര്‍മാര്‍ക്കിടയിലും ആശയകുഴപ്പത്തിന് കാരണമായി. ജാതിക്കാര്‍ഡ് ഉയര്‍ത്തി വോട്ട് പിടിക്കാന്‍ നടത്തിയ ശ്രമവും കോണ്‍ഗ്രസിനെ തുണച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: