കൊച്ചി: അന്തരീക്ഷച്ചുഴി തെക്കന്‍ കേരളത്തിന് സമീപത്തേക്ക് എത്തിയതോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്നലെ രാവിലെ മുതല്‍ തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ മഴ ലഭിച്ചിരുന്നു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇടവേളകളോടെ മഴ എത്തി.
ഞായറാഴ്ച രാത്രി കണ്ണൂര്‍ എയര്‍പോര്‍ട്ട് മേഖലയില്‍ മേഘവിസ്ഫോടനത്തിന് സമാനമായ മഴ ലഭിച്ചു. 10 സെന്റി മീറ്റര്‍ മഴയാണ് മൂന്ന് മണിക്കൂറിനിടെ ലഭിച്ചത്. ഇതില്‍ 9.2 സെ.മീറ്ററും ഒരു മണിക്കൂറിനിടെയാണ് ലഭിച്ചത്. സമാനമായ രീതിയില്‍ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഇത് മിന്നല്‍ പ്രളയത്തിനും ഉരുള്‍പൊട്ടലിനും കാരണമായേക്കും.
പെരിന്തല്‍മണ്ണ, ഇരിക്കൂര്‍, കുറമ്പലക്കോട്ട, വര്‍ക്കല, അങ്ങാടിപ്പുറം എന്നിവിടങ്ങളില്‍ ഞായറാഴ്ച തീവ്രമഴ ലഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ 4.1 സെ.മീ. മഴയും കിട്ടി. കിഴക്കന്‍ മലയോര മേഖലകളിലാണ് മഴ കൂടുതല്‍ ശക്തമായി തുടരുന്നത്. തീരദേശ മേഖലകളില്‍ പൊതുവെ കുറവാണ്. ഇന്ന് മുതല്‍ വടക്കന്‍ ജില്ലകളില്‍ മഴ കുറയും. രണ്ട് ദിവസമായി ഈ മേഖലയിലാണ് കൂടുതല്‍ മഴ കിട്ടിയത്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഈ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്.
തെക്കന്‍ കേരളത്തിന് മുകളില്‍ തുടരുന്ന അന്തരീക്ഷച്ചുഴിയും ഇവിടെ നിന്ന് തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തെക്കന്‍ തമിഴ്നാടിന് മുകളിലൂടെ ന്യൂനമര്‍ദപാത്തിയും നിലവിലുണ്ട്. ഇവയുടെ സ്വാധീനം മൂലം ലക്ഷദ്വീപിന് സമീപം അറബിക്കടലിന്റെ തെക്കുകിഴക്കും കിഴക്കന്‍ മധ്യമേഖലയിലുമായി 9ന് ന്യൂനമര്‍ദം രൂപമെടുക്കും. ഇത് പിന്നീട് വടക്ക്പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. 12 വരെ ഇതിന്റെ സ്വാധീനത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ തുടരും. മോശം കാലാവസ്ഥയ്ക്കും 55 കിലോമീറ്റര്‍ വരെയുള്ള വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ 11 വരെ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: