മാഡ്രിഡ്: പോളണ്ട് സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തില്‍ ലാ ലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് തകര്‍പ്പന്‍ വിജയം. ഡിപോര്‍ട്ടീവോ അലാവസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. 25 മിനിറ്റിനിടെയാണ് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്ക്. 7, 22, 32 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍.
അലാവെസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏഴാം മിനിറ്റിലാണ് ലെവന്‍ഡോസ്‌കി ഗോളടിക്ക് തുടക്കമിട്ടത്. റഫീഞ്ഞ എടുത്ത ഫ്രീ കിക്കിനൊടുവിലായിരുന്നു ലെവന്‍ഡോസ്‌കിയുടെ ആദ്യ ഗോള്‍. റഫീഞ്ഞ ബോക്‌സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ ക്രോസിന് കൃത്യമായി ഓടിയെത്തിയ താരം ഒരു ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കി. 22-ാം മിനിറ്റില്‍ ബാഴ്‌സ ലീഡ് ഉയര്‍ത്തി. ഇത്തവണയും ലക്ഷ്യം കണ്ടത് ലെവന്‍ഡോസ്‌കി തന്നെ. ഗോളിന് വഴിയൊരുക്കിയത് റഫീഞ്ഞയും.. പത്ത് മിനിറ്റിനുള്ളില്‍ താരം വീണ്ടും പന്ത് വലയിലാക്കി ഹാട്രിക് പൂര്‍ത്തിയാക്കി. എറിക് ഗാര്‍ഷ്യയുടെ പാസ് വലയിലെത്തിച്ചാണ് ടീമിനായി മൂന്നാം ഗോള്‍ നേടിയത്. താരത്തിന്റെ കരിയറില്‍ ആദ്യ പകുതിയില്‍ നേടുന്ന ആദ്യ ഹാട്രിക്കാണ്. സീസണില്‍ വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി ബാഴ്‌സക്കായി 11 മത്സരങ്ങളില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോള്‍നേട്ടം 12 ആയി.
സ്വന്തം മൈതാനത്ത് നടന്ന മത്സരമായിട്ടുപോലും ഡിപോര്‍ട്ടീവോ അലാവസിന് ബാഴ്‌സക്കെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. പന്തടക്കത്തിലും ആക്രമണത്തിലും ബാഴ്‌സയുടെ ആധിപത്യമായിരുന്നു. മത്സരത്തില്‍ 72.5 ശതമാനവും പന്ത് കൈവശം വെച്ചത് ബാഴ്‌സയായിരുന്നു. ആകെ 19 ഷോട്ടുകള്‍ അവര്‍ ഉതിര്‍ത്തതില്‍ ഒമ്പതെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു. എന്നാല്‍ അലാവസ് ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് ബാഴ്‌സയെ തടഞ്ഞത്. അതേസമയം അലാവസിന് രണ്ട്് തവണ മാത്രമാണ് ഓണ്‍ ടാര്‍ഗറ്റിലേക്ക് ഷോട്ടുതിര്‍ക്കാനായത്. അത് രണ്ടും ബാഴ്‌സ ഗോളി രക്ഷപ്പെടുത്തുകയും ചെയ്തു.
ഒമ്പത് മത്സരങ്ങളില്‍നിന്ന് 24 പോയിന്റുമായി ബാഴ്‌സയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതുള്ള റയലിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 21 പോയിന്റാണുളളത്.
മറ്റ് കളികളില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജിറോണ അത്‌ലറ്റിക് ക്ലബിനെയും സെവിയ 1-0ന് റയല്‍ ബെറ്റിസിനെയും പരാജയപ്പെടുത്തിയപ്പോള്‍ അത്‌ലറ്റികോ മാഡ്രിഡ് സമനിലയില്‍ കുരുങ്ങി. സ്വന്തം തട്ടകത്തില്‍ റയല്‍ സോസിഡാഡാണ് 1-1ന് അത്‌ലറ്റികോ മാഡ്രിഡിനെ പിടിച്ചുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: