ന്യൂയോർക്ക്: വാഷിംഗ്ടണിലെ വൈറ്റ് ഹൗസിന് സമീപം പലസ്തീൻ അനുകൂല പ്രകടനത്തിനിടെ ഒരാൾ സ്വയം തീകൊളുത്തി. ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിടെയാണ് സംഭവം.
ഫോട്ടോ ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്ന സാമുവൽ മെന ജെ ആർ ആണ് ഇത്തരത്തിൽ പ്രതിഷേധിച്ചത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
വൈറ്റ് ഹൗസിന് പുറത്ത് ആരംഭിച്ച പ്രകടനം സമാധാനപരമായിരുന്നുവെങ്കിലും ഒരു യുവാവ് കത്തുന്ന ദ്രാവകം കൈകളിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടൻ തന്നെ പ്രസ്തുത വ്യക്തിക്ക് ആവശ്യമായ വൈദ്യചികിത്സ നൽകിയിരുന്നുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ തലസ്ഥാന നഗരിയിൽ ഇന്നലെ നടന്ന പ്രകടനത്തിൽ ആയിരത്തോളം പേർ തടിച്ചുകൂടിയിരുന്നു. ഇസ്രയേലിനെതിരെ ആയുധ ഉപരോധം ആവശ്യപ്പെട്ടും പലസ്തീൻ പതാകകൾ വീശിയും സ്വതന്ത്ര പലസ്തീൻ എന്നെഴുതിയ ബാനറുകൾ വഹിച്ചുകൊണ്ടാണ് പ്രതിഷേധക്കാർ പ്രകടനം നടത്തിയതെന്നും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
അതേ സമയം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് വാഷിംഗ്ടൺ പോലിസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: