ന്യൂദൽഹി: ദൽഹിയിൽ ഷഹ്‌ദാരയിലെ വിശ്വകർമ നഗറിലെ രാംലീലയിൽ ശ്രീരാമന്റെ വേഷം അവതരിപ്പിക്കുന്നതിനിടെ വേദിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് 56 കാരൻ മരിച്ചു. പ്രദേശത്തെ ജയ് ശ്രീ രാംലീല കമ്മിറ്റിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ സുശീൽ കൗശിക് ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.
1987 മുതൽ അദ്ദേഹം രാം ലീലയിൽ വേഷം പകർന്നാടുന്നുണ്ട്. സീതയുടെ സ്വയംവര രംഗം അവതരിപ്പിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ഒരു ഗാനം ആലപിക്കുമ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റേജിലേക്ക് പോയി അവിടെ അദ്ദേഹം കുഴഞ്ഞുവീഴുകയുമായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു.
തുടർന്ന് അവിടെയുണ്ടായിരുന്ന ഭാര്യയും മകനും ചേർന്ന് അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒരു മണിക്കൂറിന് ശേഷം അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ പ്രമുഖരടക്കം നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: