കോട്ടയം: ഇനിയും വഴങ്ങിയില്ലെങ്കില്‍ കെ.ഇ ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടിവരും. സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ അദ്ദേഹത്തിന് കത്തു നല്‍കി. സഹകരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോടും രാജ ആവശ്യപ്പെട്ടിട്ടുണ്ട്.
ആദ്യം സംസ്ഥാന ഘടകം നല്‍കിയ ഷോക്കോസ് നോട്ടീസ് ആണ് ഇസ്മയിലിനെ കൂടുതല്‍ പ്രകോപിപ്പിച്ചത് . 70 വര്‍ഷത്തെ സര്‍വീസിന് ഇടയില്‍ ആദ്യമായാണ് തനിക്കൊരു നോട്ടീസ് ലഭിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. നിലവില്‍ തന്നെ ഉചിതമായ പാര്‍ട്ടി ഘടകത്തില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും പരാതിപ്പെടുന്നു.
ജീവിതത്തില്‍ ഒരു കൊടി മാത്രമേ പിടിച്ചിട്ടുള്ളൂ എന്നൊക്കെ ഇസ്മയില്‍ പറയുന്നുണ്ടെങ്കിലും സംസ്ഥാന നേതൃത്വത്തോട് അത്ര പെട്ടെന്ന് ഒത്തുതീര്‍പ്പിന് തയ്യാറാവുമെന്ന് കരുതാനാവില്ല. പാലക്കാട്ടെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്ന സേവ് സിപിഐ ഫോറം ഇസ്മയിലിന്റെ രഹസ്യ സന്തതിയാണെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കുള്ളത്. ഇസ്മയില്‍ നേരിട്ട് നടത്തുന്ന പാര്‍ട്ടി വിരുദ്ധ പ്രതികരണങ്ങള്‍ കൂടാതെ സേവ് സിപിഐ ഫോറവും കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
കാര്യമായ പദവി നല്‍കിയാല്‍ മാത്രം വഴങ്ങാമെന്നാണ് ഇസ്മയിലിന്‌റെ ഉള്ളിലിരുപ്പ്. എന്നാല്‍ ഇത്രയും വിമശനങ്ങള്‍ ഉയര്‍ത്തിയ നിലയ്‌ക്ക് അത്ര പെട്ടെന്ന് അതു സാധ്യമല്ലെന്ന് സംസ്ഥാന ഘടകം നിലപാടെടുക്കുന്നു.
1996 മുതല്‍ 2001 വരെ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവാണ് കെ.ഇ. ഇസ്മായില്‍. 2006 മുതല്‍ 2012 വരെ രാജ്യസഭാംഗം, 1995 മുതല്‍ 2018 വരെ സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി, മൂന്ന് തവണ നിയമസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: